ഇന്നു മുതല്‍ ഡിസംബര്‍ നാല് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎഎസിനായി അപേക്ഷിക്കാം. പരീക്ഷയിലോ അപേക്ഷയിലോ ക്രമക്കേട് കാണിച്ചാല്‍ പൊതുപരീക്ഷകള്‍ എഴുതുന്നതിന് രാജ്യവ്യാപകമായി വിലക്കേര്‍പ്പെടുത്തും. 

തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്‍റെ സ്വന്തം സിവില്‍ സര്‍വ്വീസായ കെഎഎസിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കായി മൂന്ന് വിഭാഗങ്ങളിലേക്കുള്ള വിജ്ഞാപനവും സിലബസും പിഎസ്‍സി ഇന്നു പുറത്തിറക്കി. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പിഎസ്എസിക്ക് കല്ലേറ് കിട്ടുന്നുവെന്നും നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു നല്‍കണമെന്നും വിജ്ഞാപനം പുറപ്പെടുവിച്ച വിവരം പ്രഖ്യാപിക്കുന്നതിനിടെ പിഎസ്‍സി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 

നീണ്ടനാള്‍ കാത്തിരിപ്പിനൊടുവിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് യഥാര്‍ത്ഥ്യമാകുന്നത്. ഇന്നു മുതല്‍ ഡിസംബര്‍ നാല് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎഎസിനായി അപേക്ഷിക്കാം. പിഎസ്‍സിക്ക് നല്‍കുന്ന വിവരങ്ങള്‍ നൂറ് ശതമാനം കൃത്യവും സത്യസന്ധവുമായിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. പരീക്ഷയിലോ അപേക്ഷയിലോ ക്രമക്കേട് കാണിച്ചാല്‍ പൊതുപരീക്ഷകള്‍ എഴുതുന്നതിന് രാജ്യവ്യാപകമായി വിലക്കേര്‍പ്പെടുത്തും. 

സംസ്ഥാനത്തെ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമര്‍ഥരായ ചെറുപ്പക്കാരെ എത്തിക്കുകയുമാണ് കെ.എ.എസിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള തെരഞ്ഞെടുപ്പ്. 32 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികള്‍ക്ക് ആദ്യ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. 

40 വയസ്സ് വരെ പ്രായമുള്ള സര്‍ക്കാര്‍ ജീവനക്കാരെയാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 വയസ്സ് പിന്നിടാത്ത ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നാമത്തെ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. പ്രാഥമിക പരീക്ഷ, ഫൈനല്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇംഗ്ളീഷിനൊപ്പം മലയാളവും കെഎഎസ് പരീക്ഷാ സ്കീമിന്‍റെ ഭാഗമാണ്. തിരുവനന്തപുരത്ത് പിഎസ്‍സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കെഎഎസ് വിജ്ഞാപനവും സിലബസും പുറത്തിറക്കിയത്.

മൂല്യനിര്‍ണ്ണയം വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കൃത സംവിധാനമാണ് വിവരണാത്മക പരീക്ഷക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ രാജ്യത്ത് ഒരിടത്തും, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി കിട്ടാത്ത രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ പിഎസ്‍സ‍ി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.