തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ചോദ്യക്കടലാസിന്റെ സീൽ ഇളകിയിരുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റെന്ന് പിഎസ്‌സി അധികൃതർ. അസി. പ്രൊഫസർ തസ്തിക പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഒരു ഉദ്യോഗാർത്ഥിയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പരീക്ഷ നടത്തിപ്പ് വരെയുളള കാര്യങ്ങളിൽ ജാഗ്രതയോടെയാണ് പിഎസ്‌സി പ്രവർത്തിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പിഎസ്‌സി വാർത്താകുറിപ്പിൽ വ്യക്തമാക്കി.