Asianet News MalayalamAsianet News Malayalam

'ഒരു മന്ത്രി മോശമായി സംസാരിച്ചു'; കടകംപള്ളിക്കെതിരെ പരാതിയുമായി പിഎസ്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍

രാവിലെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്യോഗാര്‍ത്ഥികള്‍ കണ്ടത്. അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 

psc rank holders against Minister Kadakampally Surendran
Author
Thiruvananthapuram, First Published Feb 22, 2021, 9:35 AM IST

തിരുവനന്തപുരം: ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് മോശം പരാമർശമുണ്ടായെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർ. 10 വർഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ പരാതി.

സമരക്കാര്‍ സർക്കാരിനെ നാണം കൊടുത്തിയെന്ന് മന്ത്രി പറഞ്ഞു. അത് വേദനിപ്പിച്ചുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മന്ത്രിയുടെ പേര് പറയാതെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും ഇന്ന് തീരുമാനമായില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.

ഇന്ന് രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടത്. മന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പത്ത് വർഷം ലിസ്റ്റ് നീട്ടി നൽകിയാൽ ജോലി കിട്ടുന്ന സാഹചര്യമാണോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാരിനെ എങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാകുക എന്നറിയില്ല. പ്രതികരണം വേദനിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് കൂട്ടിച്ചേര്‍ത്തു. 

സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കിൽ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് സമരക്കാർ പറയുന്നത്. യൂത്ത് കോൺഗ്രസും നിരാഹാര സമരം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios