സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നടത്തിയ 48 മണിക്കൂർ ഉപവാസസമരം അവസാനിച്ചാണ് ശോഭാ സുരേന്ദ്രൻ എത്തിയത്

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് പട്ടിയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ രാജ് ഭവനിൽ. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് പ്രതിനിധികൾ രാജ്ഭവനിലെത്തിയത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പ്രതിനിധികൾക്കൊപ്പമുണ്ട്. 

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നടത്തിയ 48 മണിക്കൂർ ഉപവാസസമരം അവസാനിച്ചാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. ഉദ്യോഗാർഥികളുടെ സമരം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി ബിജെപി ഏറ്റെടുക്കണമെന്നാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം മുന്നോട്ട് വെക്കുന്ന ആവശ്യം. 

അതേ സമയം ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്നും ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ
സമരം 25 ദിവസം പിന്നിട്ടു. സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം 12 ആം ദിവസത്തിലാണ് ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നില്‍ വേറിട്ട സമര രീതികളാണ് ഓരോ ദിവസവും ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നത്. ഇന്ന് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ മീന്‍വില്‍പ്പന നടത്തി. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥശ്രമങ്ങളും സജീവമാണ്.