കാസര്‍ഗോഡ് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലെ നിയമനങ്ങള്‍ വൈകുന്നതിനെതിരെ മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച ഉദ്യോഗാര്‍ഥികളെ വിലക്കാനും ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുമുളള പിഎസ് സി തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. 

തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വിലക്കാനുളള പിഎസ്‍സി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിമര്‍ശനത്തോടുളള അസഹിഷ്ണുത പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലെ നിയമനങ്ങള്‍ വൈകുന്നതിനെതിരെ മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച ഉദ്യോഗാര്‍ഥികളെ വിലക്കാനും ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുമുളള പിഎസ് സി തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതിലൂടെ മാത്രമേ പിഎസ്‍സി പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് ക്രിയാത്മകമായി മുന്നോട്ടു പോകാനാകൂ എന്ന് മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും മാത്രം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായതായി തനിക്കറിയില്ലെന്നും രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിഎസ്‍സി നടപടി മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന പരാതിയുമായാണ് യൂത്ത് കോണ്‍ഗ്രസ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാല്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുളള നടപടിയാണ് സ്വീകരിച്ചതെന്ന് ആവര്‍ത്തിക്കുകയാണ് പിഎസ്‍സി. ആഭ്യന്തര വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗാര്‍ഥികള്‍ക്കെതിരെ തുടര്‍നടപടിയുണ്ടാകുമെന്നും ചെയര്‍മാന്‍ എം കെ സക്കീര്‍ പ്രതികരിക്കുന്നു.