തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സര്‍ക്കാര്‍ ജോലി കിട്ടാക്കനിയായി തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിഎസ്സി റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ അസംതൃപ്തിയും പ്രതിഷേധവും സ്വാഭാവികമാണ്. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും കോടിയേരി പറഞ്ഞു.

പട്ടികയിലുള്ള ഭൂരിപക്ഷത്തിനും ജോലി കിട്ടാറില്ല. ഒഴിവിനെക്കാൾ നിരവധി ഇരട്ടി ലിസ്റ്റ് തയ്യാറാക്കുന്നതാണ് പ്രശ്നം. ജോലി കിട്ടാതാകുമ്പോൾ ആശങ്ക ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. 

പിഎസ്സി റാങ്ക് പട്ടികയിൽ ഉണ്ടായിട്ടും നിയമനം കിട്ടാത്ത ഉദ്യാഗാർത്ഥികളുടെ ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാക്കിയിരുന്നു. മികച്ച പ്രതികരണമാണ് "പണി" കിട്ടിയവര്‍ എന്ന പേരിൽ നൽകിയ വാർത്താ പരമ്പരക്ക് കിട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.