തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതല്‍ നാടിനപമാനമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പികെ കുഞ്ഞനന്തനെ അനുസ്മരിച്ച പിണറായിയുടെ നടപടിയെ വിമര്‍ശിച്ചാണ് പിടി തോമസ് രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിച്ച നേതാവാണ് കുഞ്ഞനന്തനെന്നാണ് പിണറായി ഫേസ്ബുക്കില്‍ കുറിച്ചത്. ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവര്‍ ആ വേദനയില്‍ പങ്കുചേരും. എന്നാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു. അപ്പോള്‍ നിര്‍ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേയെന്നും പിടി തോമസ് ചോദിച്ചു. കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങളും പിടി തോമസ് ഉന്നയിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'പിണറായിയുടെ ഈ കരുതല്‍ കേരളനാടിനപമാനം'

'പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തന്‍,
എല്ലാവിഭാഗം ജനങ്ങളാല്‍ ആദരിക്കപ്പെട്ട ആള്‍'. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13- ആം പ്രതി പി കെ കുഞ്ഞനന്തനെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലെ പ്രധാന വരികളാണവ. അതായത് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആള്‍ സമൂഹത്തോട് കരുതല്‍ കാണിച്ച നേതാവാണത്രേ!

ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവര്‍ ആ വേദനയില്‍ പങ്കുചേരും. എന്നാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോള്‍ നിര്‍ദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?. കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങള്‍...

1. കുഞ്ഞനന്തന്‍ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാര്‍ (ചകഅ)എന്‍ ഐ എ ക്ക് ഏല്‍പ്പിച്ചു കൊടുത്ത രണ്ട് പാര്‍ട്ടി സഖാക്കളായ അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളല്ലേ?

2. കുഞ്ഞനന്തന്‍ നിരപരാധിയാണെന്ന് താങ്കളും പാര്‍ട്ടിയും പറയുന്നു, എങ്കില്‍ ടി പി ചന്ദ്രശേഖരനെ കൊലക്കത്തിയില്‍ തീര്‍ത്തതാര്?

3. കുഞ്ഞനന്തനെ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്, നിങ്ങളുടെ കുഞ്ഞനന്തന്‍ നിങ്ങള്‍ക്ക് നിരപരാധിയാണെങ്കില്‍ കോടതിയില്‍ അപ്പീല്‍ നല്‍കി കുഞ്ഞനന്തനെ രക്ഷിക്കാന്‍ ശ്രമിക്കാഞ്ഞതെന്ത്?

4. ഭരണഘടന പുസ്തകമാക്കി അച്ചടിക്കാന്‍ നിര്‍ദേശിച്ച താങ്കള്‍ ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതിയെ കുഞ്ഞനന്തനുവേണ്ടി എത്ര തവണ മറികടന്നു? 2018 ല്‍ മാത്രം കുഞ്ഞനന്തന് 200 ദിവസത്തെ പരോള്‍!. ശിക്ഷ ഇളവ് ചെയ്യാനും ഒരിക്കല്‍ തീരുമാനിച്ചു, അത് ഗവര്‍ണര്‍ തടഞ്ഞു. ഇത് അധികാര ദുര്‍വിനിയോഗമല്ലേ?. കേരള മുഖ്യമന്ത്രി കൊലചെയ്യപ്പെട്ടവനൊപ്പമോ, കൊലപാതകിക്കൊപ്പമോ?

5. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് താങ്കള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ? എങ്കില്‍ കുഞ്ഞനന്തന്‍ കൊലപാതകം നടന്ന് 50 ആം നാള്‍ കോടതിയില്‍ കീഴടങ്ങിയതെന്തിന്?

6. രക്തത്തിന് വില പറഞ്ഞവന്‍ എങ്ങനെ രക്തസാക്ഷിയാകും?