വനം കൊള്ളയെകുറിച്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെതിരെയും പി ടി തോമസ് സത്യം പുറത്ത് വരണമെങ്കില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും പി ടി തോമസ്

കൊച്ചി: മുട്ടില്‍ വനം കൊള്ളക്കേസിലെ പ്രതി റോജി അഗസ്റ്റിനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. പി ടി തോമസ് എം എൽ എയാണ് പ്രധാനമായും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർത്തുന്നതെങ്കിലും കെ സുധാകരനും ഉമ്മൻചാണ്ടിയുമടക്കമുള്ളവരും രംഗത്തുണ്ട്.

കേസിലെ പ്രതി റോജി അഗസ്റ്റിനുമായുള്ള പിണറായി വിജയന്‍റെ അടുപ്പവും വിവാദ ഉത്തരവിന് പിന്നിലെ ദുരൂഹതകളും ഉയര്‍ത്തിയാണ് പി ടി തോമസ് ഇന്ന് കൊച്ചിയിൽ ആഞ്ഞടിച്ചത്. മുട്ടില്‍ വനം കൊള്ള നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവും പങ്കാളിത്തത്തോടെയുമാണെന്ന് പി ടി തോമസ് പറഞ്ഞു. കര്‍ഷകരെ മറയാക്കി രക്ഷപ്പെടാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്നും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും പങ്കെടുക്കേണ്ടിയിരുന്ന റോജി അഗസ്റ്റിന്‍റെ മാംഗോ മൊബൈല്‍ ഫോണിന്‍റെ വെബ് സൈറ്റ് ഉദ്ഘാടനം രണ്ട് തവണ മാറ്റിവെച്ചതാണെന്ന് പി ടി തോമസ് ചൂണ്ടികാട്ടി. തട്ടിപ്പ് കേസിലെ പ്രതികളുടെ ചടങ്ങില്‍ ഇവര്‍ പങ്കെടുക്കരുതെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടർ‍ന്നായിരുന്നു ഇത്. എന്നിട്ടും പിന്നീട് കോഴിക്കോട്ടെ ചടങ്ങില്‍ റോജി അഗസ്റ്റിനൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

വനം കൊള്ളയെകുറിച്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിനെതിരെയും പി ടി തോമസ് ആക്ഷേപം ഉന്നയിച്ചു. എസ് ശ്രീജിത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം, സത്യം പുറത്ത് വരണമെങ്കില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും പി ടി തോമസ് പറഞ്ഞു. ഇതേ വികാരമാണ് കെപിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനും പങ്കുവച്ചത്. വനം കൊള്ളക്കേസില്‍ സത്യന്ധമായ അന്വേഷണം നടക്കുമോ എന്ന് കണ്ടറിയണമെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. മരം കൊള്ളയിലെ എല്ലാവശങ്ങളും പരിശോധിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona