Asianet News MalayalamAsianet News Malayalam

മരം മുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി കണ്ടെന്ന് പി ടി തോമസ്; ഫോട്ടോ പുറത്തുവിട്ടു

പ്രതികളെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ അദ്ദേഹം പുറത്തുവിട്ടു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് താനല്ല,മുഖ്യമന്ത്രിയാണെന്നും പിടി തോമസ് കുറ്റപ്പെടുത്തി.

pt thomas says cm pinarayi met the accused in the wood cutting case photo released
Author
Thiruvananthapuram, First Published Jun 10, 2021, 6:33 PM IST

തിരുവനന്തപുരം: മരം മുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുവെന്നാരോപിച്ച് പിടി തോമസ് എംഎല്‍എ രംഗത്ത്. പ്രതികളെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ അദ്ദേഹം പുറത്തുവിട്ടു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് താനല്ല,മുഖ്യമന്ത്രിയാണെന്നും പിടി തോമസ് കുറ്റപ്പെടുത്തി.

മുട്ടില്‍ മരം മുറികേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയനോട്ടീസ് അവതരണത്തിലെ പി ടി തോമസിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. മരം മുറി കേസിലെ പ്രതികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ പി ടി തോമസ് ആരോപണമുന്നയിച്ച കാലഘട്ടത്തില്‍ താനല്ല, ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രിയെന്നായിരുന്നു പിണറായിയുടെ വിശദീകരണം. തെറ്റിദ്ധാരണ പരത്തുന്ന ആരോപണമുന്നയിച്ച പിടി തോമസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സഭയില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന് മറുപടി നല്‍കാന്‍ സ്പീക്കറുടെ അനുമതി തേടിയങ്കിലും കിട്ടിയില്ലെന്ന് പി ടി തോമസ് വിശദീകരിച്ചു. തുടര്‍ന്ന് ഇന്ന് വോട്ട്ഓണ്‍ ചർച്ചക്കിടെ എല്‍ദോസ് കുന്നപ്പള്ളിയില്‍ നിന്ന് സമയം വാങ്ങി തന്‍റെ ഭാഗം  വിശദീകരിക്കുകയായിരുന്നു. മരം മുറി കേസിലെ പ്രതികൾ 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ്ഹാസില്‍ മാംഗോ മൊബൈല്‍ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മുകേഷേ എംഎല്‍എ ക്ഷണിച്ചതനുസരിച്ച് മുഖ്യമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. എന്നാല്‍ സംഘാടകരുടെ  ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ഇന്‍റലിജന്‍  റിപ്പോര്‍ട്ടുകളുടെ  പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അവസാന നിമിഷം ഈ ചടങ്ങ് ഒഴിവാക്കി.  ഫെബ്രുവരി 24ന് കോഴിക്കോട് എംടിയെ ആദരിക്കുന്ന ചടങ്ങില്‍ ഇതേ വ്യക്തികളെ മുഖ്യമന്ത്രി കണ്ടു. ചടങ്ങിന്‍റെ ഫോട്ടോയും പിടി തോമസ് പുറത്തുവിട്ടു. 

ഉത്തമബോധ്യത്തോടെയാണ് താന്‍ സഭയിലും പുറത്തും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പി ടി തോമസ് വ്യക്തമാക്കി. താന്‍ പുറത്ത് വിട്ട ഫോട്ടോയുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ കേസെടുക്കാനും  അദ്ദേഹം വെല്ലുവിളിച്ചു. പി ടി തോമസിന്‍റെ വിശദീകരണ വേളയില്‍ മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios