കൊച്ചി: ഡച്ച് രാജാവും രാജ്ഞിയും കേരള സന്ദർശനത്തിന് എത്തിയതിനെ തുടർന്ന് മാസങ്ങളായി തകർന്നു കിടന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയതിൻറെ സന്തോഷത്തിലാണ് ഇടക്കൊച്ചിയിലെയും കൂവപ്പാടത്തെയും നാട്ടുകാർ. വർഷത്തിൽ രണ്ടു തവണയെങ്കിലും രാജാവിനെ പോലെയുളളവർ എത്തിയാൽ നടുവൊടിയാതെ റോഡിലൂടെ സഞ്ചരിക്കാമെന്നാണ് ആളുകൾ പറയുന്നത്.

ഇടക്കൊച്ചിയിൽ നിന്ന് അരൂരിലേയ്ക്ക് പോകുന്ന ദേശീയപാതയിലൂടെ ഡച്ച് രാജാവും സംഘവും ആലപ്പുഴയിലേക്കോ തിരിച്ചോ വരാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതോടെ പാമ്പായിമൂല ഭാഗത്ത് പത്തു മാസത്തിലധികമായി തകർന്നു കിടന്ന റോഡിൻറെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി. പൈപ്പിടാനായി ജല അതോറിറ്റിയാണ് ഈ റോഡ് കുത്തിപ്പൊളിച്ചത്. അതിനു ശേഷം നാശമായി കിടന്ന റോഡാണ് രാജാവിന്‍റെ വരവിനായി നന്നാക്കിയിട്ടത്. പക്ഷേ രാജാവും സംഘവും ഇതുവഴി എത്തിയതുമില്ല. 

രാജാവും രാജ്ഞിയും എത്തിയ മറ്റൊരു സ്ഥലമാണ് മട്ടാഞ്ചേരിക്കടുത്തുളള കൂവപ്പാടം. ഇവിടെ റോഡ് ടാർ ചെയ്ത് കുഴികൾ അടച്ചതിനൊപ്പം ചപ്പു ചവറുകൾ നീക്കം ചെയ്ത് റോഡ് മൊത്തം വെടിപ്പാക്കുകയും ചെയ്തു. ഡച്ച് രാജാവിൻറെ സന്ദർശനം മൂലം പല ഭാഗത്തും ഇതു പോലെ റോഡിന് ശാപമോക്ഷം ലഭിച്ചുതിനാൽ തങ്ങളുടെ നാട്ടിലൂടെയും ഏതെങ്കിലും വിവിഐപി എത്താനുളള കാത്തിരിപ്പിലാണ് തകർന്ന റോഡുകൾക്ക് സമീപമുള്ളവർ. വിവിഐപികൾ വരുമ്പോൾ മാത്രം റോഡുകൾ നന്നാക്കുന്നതിനെ ഹൈക്കോടതിയും കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.