ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം
തിരുവനന്തപുരം : സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനങ്ങൾ പറയുന്നു.
പൊതുജനങ്ങൾക്ക് അനുമതിയില്ലെന്ന് ഉത്തരവ്
സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതുജനങ്ങൾക്ക് അനുമതിയില്ലെന്നും ഉപയോഗം ഉപഭോക്താക്കൾക്ക് മാത്രമായി ചുരുക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പൊതുജനങ്ങൾക്ക് ശുചിമുറി തുറന്ന് നൽകാൻ പമ്പ് ഉടമകളെ നിർബന്ധിക്കരുതെന്ന് കോടതി സംസ്ഥാന സർക്കാരിനും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും നിർദ്ദേശം നൽകി. പെട്രോൾ പമ്പ് ഉടമകളുടെ ഹർജിയിലാണ് സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദ്ദേശങ്ങൾ പെട്രോൾ പമ്പുകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പാക്കാനികില്ലെന്ന് വിലയിരുത്തുന്ന ഇടക്കാല ഉത്തരവ്.
സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യത്തിനല്ല. അവിടെ എത്തുന്ന ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഉപയോഗിക്കാം. പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയുടെ ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം കോർപ്പറേഷനും, തൊടുപുഴ മുനിസിപ്പാലിറ്റിയും പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുഇടങ്ങളാക്കി മാറ്റി ബോർഡ് സ്ഥാപിച്ചിരുന്നു. റേറ്റിംഗ് അടക്കം നൽകാനുള്ള ക്യു ആർ സ്കാനറുകളും ഇതിനൊപ്പം ചേർത്തു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനങ്ങൾ.
എന്നാൽ പെസോ മാർഗനിർദ്ദേങ്ങൾ പ്രകാരമുള്ള സുരക്ഷ ഉറപ്പാക്കാനും, സ്വകാര്യ സ്വത്ത് അവകാശ നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് പെട്രോൾ പമ്പ് ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. നിലവിലുള്ള ശുചിമുറിയല്ല പുതുതായി പണിയുന്നതാണ് സ്വച്ഛ് ഭാരത് മിഷൻ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടതെന്നും ഹർജിക്കാർ വാദിച്ചു. ഇതിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ മാർഗനിർദ്ദേങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. മാർഗനിർദ്ദേശം എന്നതിലുപരി ഇതിന് നിയമസാധുത ഇല്ലെന്ന വിലയിരുത്തലിലാണ് ഹർജിക്കാരുടെ ആവശ്യം ഇടക്കാല ഉത്തരവിലൂടെ കോടതി അംഗീകരിച്ചത്. ഹർജിയിൽ കേന്ദ്രസർക്കാർ ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

