പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ നിയമന പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് മരവിപ്പിച്ചത്. പട്ടിക തയ്യാറാക്കിയതിനെതിരായ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സ്റ്റേ.

തിരുവനന്തപുരം: പിആർഡി അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. പട്ടിക തയ്യാറാക്കിയതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി. പ്രിസം പദ്ധതിക്കാരെ താൽക്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നൽകി പിആർഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയെന്നാണ് ആരോപണം. അതേസമയം റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. പിഎസ്‌സി പുറത്തിറക്കിയ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധവും ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും അടക്കം ആളുകൾ ഇടം നേടിയിട്ടുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ ആരോപണം.

Add Asianetnews as a Preferred SourcegooglePreferred

ആരോപണവുമായി കെസി വേണു​ഗോപാൽ

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍റെ ബന്ധുവും ഡി വൈ എഫ്‌ ഐ നേതാവിന്റ ഭാര്യയും പട്ടികയിൽ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേയെന്നും കെ സി വേണുഗോപാൽ വിവരിച്ചു. തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ട്. അതുപോലെ പലരും ഇടംപിടിച്ചെന്നും കെ സി വിമർശിച്ചു.

മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പിലാണു പുതിയ തട്ടിപ്പ്. രാഷ്ട്രീയ ശുപാര്‍ശയില്‍ പി ആര്‍ ഡിയുടെ എം പാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രദേശിക വാര്‍ത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പി ആര്‍ ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.സര്‍ട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടി പൂര്‍ത്തിയാകും മുന്നെ തന്നെ ഒരു വേക്കന്‍സിപോലും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ 2023 ഡിസംബര്‍ 30 ന് പുതിയ അപേക്ഷ ക്ഷണിച്ചു. പി ആര്‍ ഡിയുടെ പ്രതിനിധികളില്ലാതെ പി എസ് സി ഇന്റര്‍വ്യൂവും നടത്തി. 2026 ഫെബുവരി 25 ന് ലിസ്റ്റ് തയാറാക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ നാലോ അഞ്ചോ വര്‍ഷം എടുക്കാറുള്ള പ്രക്രിയയ്ക്ക് ഭരണം തീരും മുന്നെ വേണ്ടി വന്നത് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമെന്നും വേണുഗോപാൽ വിവരിച്ചു. പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ഥികളുടെ ചുടുകണ്ണീരില്‍ ഈ സര്‍ക്കാര്‍ വെന്തുരുകും. അവരുടെ കണ്ണീരിനു വിലയുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പി ആര്‍ ഡി അസി. ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത - പിന്‍വാതില്‍ നിയമനങ്ങളും കര്‍ശനമായി പുനഃപരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

YouTube video player