കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്യാൻ ഇന്ത്യാ സഖ്യം തയ്യാറെടുക്കുന്നു. വെള്ളിയാഴ്ച മൂന്നരക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ദില്ലി പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്യാനുളള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ തുടങ്ങി. വെള്ളിയാഴ്ച മൂന്നരക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ദില്ലി പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇന്ത്യാ സഖ്യത്തിന്‍റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ പദയാത്ര നടക്കും. ഇതിനിടെ സിജെപി നേതാവ് അഭിജിത് ദീപ്കയെ തന്‍റെ പാര്‍ട്ടിയിലേക്ക് രാംദാസ് അത്തേവാല സ്വാഗതം ചെയ്തത് ബിജെപിയേയും, എന്‍ഡിയേയും വെട്ടിലാക്കി.
പാര്‍ലമെന്‍റിന്‍റെ പ്രതീകാത്മക ഘടന ഈ പുല്‍ത്തകിടിയിലുണ്ടാക്കി അതിനുള്ളിലായിരിക്കും നടപടിയെന്നാണ് നേതാക്കള്‍ പറയുന്നത്. മൂന്ന് മണിക്കൂറോളം നേരമെങ്കിലും പ്രതീകാത്മക വിചാരണ തുടരും. ഇന്ത്യാ സഖ്യം എംപിമാര്‍ക്ക് പുറമെ, സഖ്യകക്ഷി നേതാക്കള്‍ വിരമിച്ച ജഡ്ജിമാര്‍, പൗരാവകാശ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. വിചാരണക്ക് ശേഷം വിധി പ്രഖ്യാപനവുമുണ്ടാകും. പൊതു ഇടങ്ങളിലെ പ്രതിഷേധം വിലക്കിയ സര്‍ക്കാര്‍. കര്‍ശന നിരീക്ഷണത്തിനായി പൊലീസിനെയും കേന്ദ്ര സേനയയേും വിന്യസിക്കും. ഖര്‍ഗെയുടെ വസതി സ്ഥിതി ചെയ്യുന്ന രാജാജി മാര്‍ഗില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം. അവിടേക്കുള്ള പ്രതിഷേധ സാധ്യതയടക്കം വിലയിരുത്തിയാകും പൊലീസ്, കേന്ദ്ര സേനാ വിന്യാസം.
അതേ സമയം ഇന്ത്യാസഖ്യത്തിന്‍റെ പ്രചാരണത്തെ ചെറുക്കാന്‍ ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ബിജെപി ഇന്ന് മുതല്‍ പ്രചാരണത്തിന് തുടക്കമിടുകയാണ്. റെഡ് ഫോര്‍ട്ടില്‍ നിന്ന് ചാന്ദ്നി ചൗക്കിലേക്ക് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നവീന്‍ നയിക്കുന്ന പദയാത്രയില്‍ ദില്ലി മുഖ്യമന്ത്രിയടക്കം പങ്കെടുക്കും. ഇന്ത്യാ സഖ്യം റാലി നടക്കുന്ന നവംബര്‍ ഒന്ന് മുതല്‍ വ്യാപകമായ പ്രചാരണ പരിപാടികളിലേക്ക് ബിജെപി കടക്കും. രണ്ടിന് തെലങ്കാനയില്‍ അമിത് ഷാ പദയാത്ര നടത്തും. ഇതിനിടെ സിജെപി നേതാവ് അഭിജിത് ദീപ്കയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ അത്തേവാല തന്‍റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ബിജെപിയേയും എന്‍ഡിയേയും വെട്ടിലാക്കി. ദീപ്കെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനും, അംബേദ്കറിന്‍റെ നല്ല അനുയായിയുമാണെന്ന് അത്തേവാല പുകഴ്ത്തിയിരുന്നു. കഴിഞ്ഞ മാസം വരെ രാജ്യദ്രോഹിയായ മുദ്രകുത്തിയ താന്‍ ഇപ്പോള്‍ എങ്ങനെ പ്രിയങ്കരനായെന്ന് ദീപ്കെ ചോദിച്ചു. സിജെപി തകര്‍ന്നെന്ന പ്രചാരണം ബിജെപി ശക്തമാക്കുന്നതിനിടെയാണ് അത്തേവാലയുടെ അപ്രതീക്ഷിത നീക്കം.







