ഡാനിയേലിന്‍റെ കടബാധ്യത സര്‍ക്കാര്‍ ഇറക്കിയ സര്‍ചാര്‍ജ് ഉത്തരവിന് പുറത്തായതിനാല്‍ തന്നെ ഇതിനുള്ള പരിഹാരവും നീളുകയാണ്

കല്‍പ്പറ്റ: "ബാങ്കില്‍നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. എന്നിട്ടും 36 ലക്ഷം രൂപയുടെ വായ്പാബാധ്യതയുണ്ടെന്നാണ് അറിയിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എന്നെയും കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. എല്ലാ പാര്‍ട്ടിക്കാരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. സുഹൃത്തായ രാജേന്ദ്രന്‍ പോയപോലെ ഞാനും പോകും. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒരു രൂപ പോലും എടുത്തിട്ടില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാന്‍" പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലെ ഇരകളിലൊരാളായ ഡാനിയേലിന്‍റെ വാക്കുകളാണിത്. പുൽപ്പള്ളി സഹകരണ ബാങ്കിൽ നിന്നും കോൺഗ്രസ് നേതാവ് കെ.കെ. എബ്രഹാമും കൂട്ടാളികളും എട്ടു കോടി 34 ലക്ഷം രൂപ തട്ടിയതെന്നാണ് കേസ്സ്. എന്നാല്‍, ഡാനിയേലിനെപോലെ എടുക്കാത്ത വായ്പയുടെ പേരില്‍ ഇപ്പോഴും കടംബാധ്യത പേറുകയാണ് നിരവധിപേര്‍. സഹകരണ വകുപ്പ് ഇറക്കിയ സര്‍ചാര്‍ജ് ഉത്തരവില്‍ ഉള്‍പ്പെടാത്ത നഷ്ടണകണക്കുകളാണിവ. രണ്ടുലക്ഷം രൂപ വായ്പയ്ക്കായി സമീപിച്ച ഡാനിയേലിൻെ പേരിൽ 36 ലക്ഷം കടമെടുത്തുവെന്നാണ് ബാങ്ക് അറിയിച്ചത്. ഡാനിയേലിന്‍റെ വിഷയം സര്‍ക്കാര്‍ ഇറക്കിയ സര്‍ചാര്‍ജ് ഉത്തരവിന് പുറത്തായതിനാല്‍ തന്നെ ഇതിനുള്ള പരിഹാരവും നീളുകയാണ്. 

വീടിൻ്റെ അറ്റകുറ്റപ്പണിക്കായി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാനാണ് ഡാനിയേൽ പുൽപ്പള്ളി സഹകരണ ബാങ്കിനെ സമീപിക്കുന്നത്. 28.5 സെൻ് സ്ഥലത്തിന് രണ്ടു ലക്ഷം രൂപ വായ്പ തരാനാകില്ലെന്നാണ് അറിയിച്ചതെന്ന് ഡാനിയേല്‍ പറയുന്നു. തുടര്‍ന്ന് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായവര്‍ അവരുടെ പേരിലുള്ള 32 സെൻറ് സ്ഥലം കൂടി ഉള്‍പ്പെടുത്തി രണ്ടു ലക്ഷം വായ്പ അനുവദിക്കാമെന്ന് പറയുകയായിരുന്നു. രണ്ടു ലക്ഷം അനുവദിച്ചതായി പറഞ്ഞെങ്കിലും ഒരു രൂപപോലും കിട്ടിയില്ല. എന്നാല്‍, പിന്നീട് 36 ലക്ഷം രൂപയുടെ വായ്പക്ക് നോട്ടീസ് ലഭിക്കുകയായിരുന്നു. മറ്റുള്ളവരുടെ പേരിലേക്കാണ് തുക പോയതെന്ന് പിന്നീട് വ്യക്തമായെന്നും ഡാനിയേല്‍ പറഞ്ഞു. ഡാനിയേലിന്‍റെ പേരിലനുവദിച്ച വായ്പ പോയത് അദ്ദേഹത്തിന് കിട്ടിയില്ലെന്ന് മാത്രമല്ല അതിന്‍റെ ബാധ്യത മുഴുവന്‍ തലയിലാകുകയും ചെയ്തു.

ഡാനിയേലിൻ്റെ പരാതിയിൽ കേസ് അന്വേഷണമുണ്ടായെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻ്റ് അറസ്റ്റുചെയ്തതിനാൽ പ്രതിയായ സജീവൻ മാത്രമാണ് ജയിലിലുള്ളത്. മറ്റു പ്രതികളെല്ലാം പുറത്താണ്. പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ ക്രമക്കേടില്‍ തട്ടിപ്പ് നടത്തിയ എട്ടുകോടി 34 ലക്ഷം പ്രതികളിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് സർചാർജ് ഉത്തരവ് ഇറങ്ങിയിട്ട് വർഷമൊന്നായി. കെ.കെ. അബ്രഹാമും കൂട്ടുപ്രതികളും അതിനെതിരെ സർക്കാരിൽ അപ്പീൽ പോയി.അതിൽ ഇതുവരെ തീരുമാനമെടുക്കാൻ രജിസ്ട്രാർ ജനറലോ, മന്ത്രിയോമെനക്കെട്ടിട്ടില്ല. ഡാനിയേലിൻ്റേത് ഉൾപ്പെടെ നിരവധി വായ്പാ തട്ടിപ്പുകൾ ഇപ്പോഴുംസർചാർജ് ഉത്തരവിന് പുറത്താണ്. 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Readmore..പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് വി.എം പൗലോസ് അറസ്റ്റില്‍

'ഒരു രൂപ പോലും ഞാനെടുത്തിട്ടില്ല, രാജേന്ദ്രൻ പോയപോലെ ഞാനും പോകും' | Pulpally bank fraud