വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. 

തിരുവനന്തപുരം: വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെച്ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു.

വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാട് ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് പുന്നല ശ്രീകുമാര്‍ പറ‌ഞ്ഞു. സമിതിയുടെ തുടർ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് സിപിഎമ്മിന്‍റെ തീരുമാനം. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തണം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞിരുന്നു.