കോൺഗ്രസ് ഹരിയാനയിലും ബിഹാറിലും സീറ്റ് വിറ്റ് പണമുണ്ടാക്കുകയാണെന്ന് സിപിഎം നേതാവ് എം സ്വരാജ് ആരോപിച്ചു. സിപിഎമ്മിന്റെ വാർത്താസമ്മേളന ചുമതല തനിക്കാണെന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു

കൊച്ചി: അധികാരം നഷ്ടപ്പെട്ടപ്പോഴും കോൺഗ്രസ് അഴിമതി തുടരുകയാണെന്നും സീറ്റ് വിറ്റ് പണമുണ്ടാക്കുന്ന പുതിയ രീതിയാണ് ഇപ്പോൾ കാണുന്നതെന്നും സി പി എം നേതാവ് എം സ്വരാജ് ആരോപിച്ചു. ഹരിയാനയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ 7 കോടി രൂപ കൈപ്പറ്റിയതായും സമാനമായ രീതിയിൽ ബിഹാറിലും സീറ്റ് വില്പന നടന്നതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഈ വാർത്തകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തൃശൂരിൽ മേയർ സ്ഥാനം ലഭിക്കാത്തത് പണം നൽകാത്തത് കൊണ്ടാണെന്ന് സ്വന്തം കൗൺസിലർ തന്നെ വെളിപ്പെടുത്തിയത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് തെളിവാണെന്നും സ്വരാജ് പരിഹസിച്ചു. വർഗീയ കക്ഷികളുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സി പി എമ്മിന്റേതെന്ന് സ്വരാജ് വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ യു ഡി എഫ് പരസ്യമായി തേടുകയാണ് ചെയ്തത്. മുസ്ലിം ലീഗിന്റെ ഇടപെടൽ മൂലമാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്നത്. നേമത്ത് എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന വി ശിവൻകുട്ടിയുടെ പ്രതികരണം വിശാലമായ അർത്ഥത്തിലുള്ളതാണെന്നും വർഗീയ ശക്തികളുമായി കൂട്ടുചേരലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി എമ്മിന്‍റെ വാർത്താസമ്മേളനം നടത്താൻ തന്നെ ചുമതലപ്പെടുത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സ്വരാജ് തള്ളി. ഇത്തരം വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും സി പി എമ്മിന്റെ പ്രവർത്തനശൈലി അറിയുന്നവർ ഇത്തരം കാര്യങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനം നടത്തിയതും സ്വരാജ് ചൂണ്ടിക്കാട്ടി.

Add Asianetnews as a Preferred SourcegooglePreferred

ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ട് വിവരം പുറത്തുവിടില്ല

വയനാട് ഫണ്ടും രക്തസാക്ഷി ഫണ്ടും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്ന് സ്വരാജ് വ്യക്തമാക്കി. ഒരു കള്ളൻ ചോദിച്ചാൽ രക്തസാക്ഷി ഫണ്ട് വിവരം പുറത്തുവിടേണ്ടതില്ലെന്നും കോൺഗ്രസിനെയും സി പി എമ്മിനെയും ഒരേ തട്ടിൽ അളക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് നടത്തിയ പിരിവുകൾ ഒരു പ്രത്യേക പാർട്ടിക്കാരന് വേണ്ടി മാത്രമുള്ളതല്ല. കേരളത്തിൽ എത്ര നിയമസഭാ സീറ്റുകൾ കോൺഗ്രസ് വിറ്റു എന്ന വിവരം ഭാവിയിൽ പുറത്തുവരുമെന്നും കോൺഗ്രസ് മോഷ്ടാക്കളുടെ ദേശീയ പാർട്ടിയായി മാറിയെന്നും സ്വരാജ് വിമർശിച്ചു.