Asianet News MalayalamAsianet News Malayalam

പ്രാഥമിക ധനസഹായം പോലും ലഭിക്കാതെ പുത്തുമല ദുരന്തബാധിതർ; എല്ലാം ഉടൻ ശരിയാകുമെന്ന് വിശദീകരിച്ച് അധികൃതർ

ദുരന്തബാധിതർക്കുള്ള സർക്കാരിന്‍റെ പ്രാഥമിക ധനസഹായം പോലും ലഭിക്കാത്ത അനേകം കുടുംബങ്ങളാണ് പുത്തുമലയിൽ ഉള്ളത്. 

puthumala victims yet to get even basic aid from government
Author
Wayanad, First Published Sep 24, 2019, 7:32 AM IST

വയനാട്: പ്രളയത്തില്‍ സർവതും നഷ്ടപ്പെട്ട പുത്തുമലയിലെ ദുരിതബാധിതർക്ക് സർക്കാരിന്‍റെ പ്രാഥമിക ധനസഹായമായ പതിനായിരം രൂപപോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് പരാതി. വീടടക്കം നഷ്ടപ്പെട്ട 54 കുടംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാടകവീടുകളിലും ബന്ധുവീടുകളിലും കഴിയുന്ന കുടുംബങ്ങള്‍ ആഴ്ചകളായി സഹായധനത്തിനായി അലയുകയാണ്.

പുത്തുമലദുരന്തം നടന്ന രാത്രി എല്ലാം ഇട്ടെറിഞ്ഞ് പോന്നതാണ് കല്യാണിയും കുടുംബവും. ആഴ്ചകളോളം ക്യാമ്പിൽ കഴിഞ്ഞു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മേപ്പാടി ടൗണിലെ കടമുറിയില്‍ താമസമാക്കിയിട്ട് ഒരുമാസം കഴിഞ്ഞു. പ്രാഥമിക ധനസഹായമായ 10000 രൂപ അക്കൗണ്ടിലെത്തിയോയെന്നറിയാന്‍ പലവട്ടം പോയിനോക്കി. പക്ഷേ ആ പണം ഇതു വരെ വന്നിട്ടില്ല. പലവട്ടം ഇതേ ആവശ്യമുന്നയിച്ച് പോകുന്നതിൽ ജാള്യം തോന്നിതുടങ്ങിയെന്ന് പറയുന്നു കല്ല്യാണി, അക്കൗണ്ട് നമ്പർ മാറിപ്പോയതാണ് പ്രശ്നമെന്ന് അധികൃതർ പറയുമ്പോൾ എല്ലാം കൃത്യമാണെന്ന് കല്ല്യാണി ഉറപ്പിച്ച് പറയുന്നു. 

puthumala victims yet to get even basic aid from government

കല്യാണിയുടേതടക്കം 54 വീടുകളാണ് പുത്തുമല ദുരന്തത്തില്‍ പൂർണമായും ഇല്ലാതായത്. ഭാഗികമായി തകർന്നത് 39 വീടുകള്‍. ഇതില്‍ 54 കുടുംബങ്ങള്‍ക്ക് സർക്കാർ സഹായങ്ങളൊന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല. പുത്തുമല ദുരന്തഭൂമിയില്‍നിന്നും മാറ്റി താമസിപ്പിച്ച 93 കുടുംബങ്ങള്‍ക്കായി 100 ഏക്കറില്‍ ടൗൺഷിപ്പ് നിർമിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. ഇതിനായി സ്ഥലമേറ്റെടുക്കുന്നതടക്കം നടപടികള്‍ പുരോഗമിച്ചുവരുന്നതേയുള്ളൂ.

എന്നാല്‍ സാങ്കേതികമായ ചില തകരാറുകള്‍ കാരണമാണ് ധനസഹായവിതരണം തടസപ്പെട്ടതെന്നും, മുഴുവന്‍ പ്രളയബാധിതർക്കും ഉടന്‍ പണം വിതരണം ചെയ്യുമെന്നും റവന്യൂ അധികൃതർ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios