2021 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വത്തിൽ പൊളിച്ചെഴുത്ത് നടത്തിയതാണ് ലിജിൻ ലാല്‍ എന്ന യുവ നേതാവിനെ കൈകളിലേക്ക് പാര്‍ട്ടി ജില്ലയുടെ ചുമതല ഏല്‍പ്പിച്ചത്. 2023 പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടിയുടെ ജില്ലയിലെ മുഖത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി വോട്ട് ഉയര്‍ത്താമെന്ന് ബിജെപി കണക്കുക്കൂട്ടി.
കോട്ടയം: പുതുപ്പള്ളിയിൽ ജില്ലാ പ്രസിഡന്‍റിനെ തന്നെ കളത്തിലിറക്കിയിട്ടും വോട്ടു ചോര്‍ച്ചയുണ്ടായതിന്‍റെ ആഘാതത്തിൽ ബിജെപി. 2021 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വത്തിൽ പൊളിച്ചെഴുത്ത് നടത്തിയതാണ് ലിജിൻ ലാല്‍ എന്ന യുവ നേതാവിനെ കൈകളിലേക്ക് പാര്‍ട്ടി ജില്ലയുടെ ചുമതല ഏല്‍പ്പിച്ചത്. 2023 പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടിയുടെ ജില്ലയിലെ മുഖത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി വോട്ട് ഉയര്‍ത്താമെന്ന് ബിജെപി കണക്കുക്കൂട്ടി.
കടുത്തുരുത്തിയിൽ മത്സരിച്ച്, സ്വാധീനം കുറഞ്ഞ മണ്ഡലത്തില്‍ പോലും 12,000 വോട്ടുകൾ നേടിയ ചരിത്രവും ലിജിൻ ലാലിന് കരുത്തായി. പക്ഷേ, ചാണ്ടി ഉമ്മൻ തരംഗത്തില്‍ പുതുപ്പള്ളി മുങ്ങിയപ്പോള്‍ താമരപ്പെട്ടിയില്‍ വീണിരുന്ന വോട്ടുകള്‍ പോലും ഒലിച്ച് പോയി. 2016ല്‍ ജോര്‍ജ് കുര്യൻ 15,993 വോട്ടുകള്‍ നേടിയ മണ്ഡലത്തിലാണ് ഇപ്പോള്‍ ഏഴായിരം വോട്ട് പോലും നേടാനാകാതെ ബിജെപി കിതച്ച് നിൽക്കുന്നത്. ജോര്‍ജ് കുര്യനില്‍ നിന്ന് 2021ല്‍ എൻ ഹരിയിലേക്ക് വന്നപ്പോഴും പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളില്‍ കുറവ് വന്നിരുന്നു.
11,694 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എൻ ഹരി നേടിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞും മിത്ത് വിവാദം അടക്കം കത്തിച്ചും ബിജെപി ഇത്തവണ കാടിളക്കി പ്രചാരണം തന്നെ നടത്തി. പക്ഷേ, 2021ലെ വോട്ടുകള്‍ പോലും പെട്ടിയിൽ വീണില്ല. പാര്‍ട്ടിക്കുള്ളില്‍ ഇത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. . യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയിൽ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ വീഴുകയായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും ലിജിൻ പറഞ്ഞിരുന്നു. അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയമാണ് പേരിലെഴുതിയത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം.
