കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപ്പിച്ച് വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മറ്റൊരു പേര് ചർച്ചയിൽ ഉയര്‍ന്നുവന്നില്ലെന്നും ഒറ്റക്കെട്ടായ എടുത്ത തീരുമാനമാണെന്നും കെ സുധാകരൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും ജനകീയതയും വൈകാരികമായ നിലയിൽ തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേതെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികൾക്ക് കൂടി സാക്ഷിയാകും. അതേസമയം, ഉമ്മൻചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം. 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
