നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വിയായിരുന്നു ജെയ്‌ക് സി തോമസ് നേരിട്ടത്

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി എല്‍‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്. എല്ലാ വോട്ടര്‍മാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്‍പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണെന്നും ജെയ്‌ക് എഫ്‌ബിയില്‍ കുറിച്ചു. ഏത് കൊടുങ്കാറ്റിനെയും തോല്‍പിക്കുമാറ് ഉലയാതെ നിന്നവരെ...നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം എന്നും പോസ്റ്റിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വിയായിരുന്നു ജെയ്‌ക് സി തോമസ് നേരിട്ടത്. 

ജെയ്‌ക്കിന്‍റെ എഫ്‌ബി പോസ്റ്റ്

'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്‍പിക്കുമാറ് ഉലയാതെ നിന്നവരെ...നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം'.

യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ പേരിലാക്കിയത്. 12 നിയമസഭകളിലായി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് ഇത്തവണത്തെ ചാണ്ടി ഉമ്മന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു. യുഡിഎഫ് 78649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസിന് 41982 ഉം എന്‍ഡിഎയുടെ ജി ലിജിൻ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന് 2021നേക്കാള്‍ 12648 വോട്ടുകള്‍ കുറഞ്ഞതാണ് എടുത്തുപറയേണ്ട കണക്ക്. അതേസമയം യുഡിഎഫിന് 14726 വോട്ടുകള്‍ കൂടുതയാണുണ്ടായത്.

Read more: 'ക്യാപ്റ്റൻ' നിറംമങ്ങി, ഭരണനേട്ടം ഏറ്റില്ല; പുതുപ്പള്ളിയില്‍ ജെയ്‌ക്കിന്‍റെ തോല്‍വി പിണറായിയുടേയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം