ഇരുപത്തിയാറോ അതില്‍ താഴെയോ പ്രായമുള്ളൊരു സ്ഥാനാര്‍ഥി ഇനി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തുമോ എന്ന് കണ്ടുതന്നെ അറിയണം

കോട്ടയം: ഒരു 26 വയസുകാരന് തെരഞ്ഞെടുപ്പ് ഗോദയില്‍ എന്ത് അത്ഭുതം കാട്ടാന്‍ കഴിയും? 1970ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ സിപിഎമ്മിന്‍റെ നിലവിലെ എംഎല്‍എയും കരുത്തനായ നേതാവുമായ ഇ എം ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോള്‍ മണര്‍ക്കാടും പാമ്പാടിയിലും കവലകളില്‍ ചോദ്യം ഇതായിരുന്നു. എന്നാല്‍ ഇ എം ജോര്‍ജിനെ 7288 വോട്ടിന് അട്ടിമറിച്ച് ഉമ്മന്‍ ചാണ്ടി തന്‍റെ ഐതിഹാസികമായ തെരഞ്ഞെടുപ്പ് പടയോട്ടത്തിന് അവിടെ തുടക്കം കുറിച്ചു. പിന്നീട് നടന്നതെല്ലാം കേരള നിയമസഭയുടെ ചരിത്രത്തിലെ വലിയൊരു ഏട്. ഒരിക്കല്‍ പോലും ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് പരാജയം രുചിച്ചില്ല. 

പുതുപ്പള്ളിയില്‍ നിന്ന് 1970ല്‍ തന്‍റെ നിയമസഭാ പടയോട്ടം ഉമ്മന്‍ ചാണ്ടി തുടങ്ങുമ്പോള്‍ വെറും 26 വയസ് മാത്രമായിരുന്നു പ്രായം. ഒരുപക്ഷേ പുതുപ്പള്ളിയുടെ ചരിത്രത്തില്‍ ഇനിയൊരു എംഎല്‍എ ഇത്തരിപ്പോന്ന ഈ പ്രായത്തില്‍ വരും എന്ന് പറയാനാവില്ല. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് എക്കാലവും നിലനിന്നാല്‍ അത്ഭുതപ്പെടാനില്ല. അതിനൊരു കാരണമുണ്ട്! 2016ല്‍ എല്‍ഡിഎഫിന്‍റെ 25 വയസുകാരന്‍ ജെയ്‌ക് സി തോമസ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണ്. ഉമ്മന്‍ ചാണ്ടി- ജെയ്‌ക് സി തോമസ് പോരാട്ടം ദാവീദും ഗോലിയാത്തും തമ്മിലുള്ള അങ്കമായി വിലയിരുത്തപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടി സിപിഎമ്മിന്‍റെ യുവരക്തം ജെയ്‌ക് 27092 വോട്ടുകള്‍ക്ക് പരാജയപ്പെടുന്നതിനാണ് നാട് സാക്ഷ്യംവഹിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് 71,597 ഉം ജെയ്‌ക്കിന് 44,505 ഉം വോട്ട് ലഭിച്ചു. അന്ന് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിട്ടും ജെയ്‌ക്കിന് ഉമ്മന്‍ ചാണ്ടിയുടെ കസേര ഇളക്കാനായില്ല.

1970 മുതലിങ്ങോട്ട് 12 തെരഞ്ഞെടുപ്പുകള്‍ ജയിച്ച് ഉമ്മന്‍ ചാണ്ടി കേരള നിയമസഭയിലെത്തി. 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളിലാണ് പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിലകൊണ്ടത്. ഇതോടെ നിയമസഭയില്‍ 53 വര്‍ഷക്കാലം പൂര്‍ത്തിയാക്കി അദേഹം റെക്കോര്‍ഡിട്ടു. ഇതിനിടെ രണ്ട് തവണ കേരള മുഖ്യമന്ത്രിയും ഒരിക്കല്‍ പ്രതിപക്ഷ നേതാവും പലകുറി മന്ത്രിയുമായി. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരില്‍ ഒരാളായി പേരെടുത്ത ഉമ്മന്‍ ചാണ്ടിക്ക് സംസ്ഥാനത്താകമാനം വലിയ ജനപിന്തുണയുണ്ടായിരുന്നു. 26ഓ അതില്‍ താഴെയോ പ്രായമുള്ളൊരു എംഎല്‍എ ഇനി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലെത്തുമോ എന്ന് കണ്ടുതന്നെ അറിയണം. 

Read more: സിപിഎം കോട്ട, ഉമ്മന്‍ ചാണ്ടി പിടിച്ചെടുത്തു, അഞ്ചര പതിറ്റാണ്ട് കുത്തക; പുതുപ്പള്ളിയില്‍ വീണ്ടും ട്വിസ്റ്റോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം