കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.

കോട്ടയം: സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻചാണ്ടിയുടെ പേര് ആർക്കും മായ്ക്കാൻ ആവില്ലെന്നും മുഴുവൻ വികസനത്തേയും ഫ്രീസറിൽ വെച്ച സർക്കാരിനോട് എന്ത് വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ജീവിച്ചിരിക്കുന്ന ഉമ്മൻ‌ചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻ‌ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. അത് ഇരട്ട ചങ്കിന്റെ കരുത്തല്ലെന്ന് പറഞ്ഞ വേണുഗോപാല്‍, മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയെ സിപിഎം വേട്ടയാടുന്നുവെന്നും കുറ്റപ്പെടുത്തി. കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. എന്ത് വികസനമാണ് സിപിഎം കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.