തിരുവനന്തപുരം: നൂറ്റിപത്ത് പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പൊലീസ് -റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരവൂർ കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഉത്സവകമ്മിറ്റി സംഘാടകരും വെടികെട്ട് മത്സരത്തിൽ പങ്കെടുത്തവരുമാണ് പ്രതികള്‍.

2016 ഏപ്രിൽ 10 നാണ് കേരളത്തെ ഞെട്ടിച്ച വെടിക്കെട്ട് അപകടം നടന്നത്. കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് മത്സരത്തിനിടെയാണ് 110 പേർ മരിക്കുകയും 656 പേർക്ക് ഗുരുതര പരിക്കുകയും ചെയ്തത്. നാല് വ‌ർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ട് മത്സരം നടന്നത്. നിയമവിരുദ്ധമായി നടന്ന വെടികെട്ടിന് റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഇതേ ചൊല്ലി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം നീണ്ടതാണ് അന്വേഷണത്തെയും ബാധിച്ചത്.

ഒടുവിൽ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് കുറ്റപത്രം ക്രൈംബ്രാഞ്ച് നൽകിയത്. ഉത്സവകമ്മിറ്റിക്കാരും വെടിക്കെട്ട് മത്സരത്തിൽ പങ്കെടുത്തവരുമായ 59 പേരെയാണ് പ്രതികളാക്കിയത്. 15 പേർ ക്ഷേത്ര ഭാരവാഹികളാണ്. ഉദ്യോഗസ്ഥരെ പ്രധാന സാക്ഷികളാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയും അനധികൃതമായി സ്ഫോടന വസ്തുക്കള്‍ സ്ഥലത്തെത്തി സൂക്ഷിച്ചതിനെ കുറിച്ചും, ഉദ്യോഗസ്ഥരെ ആരെങ്കിലും സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളിൽ  വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. 

സാക്ഷികളായ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാൽ കേസ് ദുർബലപ്പെടുമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകം, സ്ഫോടക വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം. ഗൂഢാലോചന, ഉത്തരവ് ലംഘിച്ചുള്ള സ്ഫോടകവസ്തു ഉപയോഗം തുടങ്ങി നിരവധി വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 533 പേജുള്ള കുറ്റപത്രത്തിൽ 1417 സാക്ഷികളും 1611 രേഖകളുമുണ്ട്. കൊല്ലം പരവൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വെടിക്കെട്ട് അപകടത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷനും ഉദ്യോഗസ്ഥതര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.