ആഗോള  അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്നും പിവി അൻവര്‍. യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണെന്നും ആരോപണം

കോട്ടയം: ശബരിമല അയ്യപ്പന്‍റെ പേരിൽ സർക്കാർ നടത്തിയ അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്‍റെ ശ്രമമെന്നും പിവി അൻവര്‍ ആരോപിച്ചു. ഇടതുപക്ഷം മതേതരത്വവും തൊഴിലാളി സമീപനവും കൈവിട്ടു. യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിലനിർത്താൻ എന്ത് മോശം പ്രവർത്തിയും ചെയ്യും. അധികാരത്തിലെത്താൻ വർഗീയതയും ചെയ്യും എന്ന് വിളിച്ചുണർത്തുന്ന പരിപാടികളാണ് ചെയ്യുന്നത്. അയ്യപ്പ സംഗമത്തിൽ യഥാർത്ഥ ഭക്തർ പങ്കടുത്തില്ല. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരാണ് സംഗമത്തിൽ പങ്കെടുത്തത്. വെള്ളാപ്പള്ളി നടേശന് മലപ്പുറത്തെയും കോട്ടയത്തെയും വർഗീയമായി ചിത്രീകരിച്ച ആളാണ്. 35 വർഷം എസ്എൻഡിപിയെ നയിച്ച വെള്ളാപ്പള്ളിക്ക് ആ സമുദായത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരാണ് തെറ്റുകാരൻ? എന്നിട്ട് ഇപ്പോൾ സമുദായത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും പിവി അൻവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്; തൃണമൂലിൽ ചര്‍ച്ച നടക്കുന്നുണ്ടെന്ന് പിവി അൻവര്‍

കേന്ദ്ര- സംസ്ഥാന സർക്കാർ എസ്എൻഡിപി ക്ക് നൽകിയത് ഒക്കെ അടിച്ചുമാറ്റി. ആ കേസ് ഇപ്പോൾ കോടതിയിലാണ്. വെള്ളാപ്പള്ളിയുടെ കൂടെയുള്ളവര്‍ തന്നെ ഇത്തരം വർഗീയ പരാമര്‍ശങ്ങളെ എതിർക്കുന്നുണ്ട്. യോഗി ആദിത്യനാഥിനെ ആണ് സിപിഎം ക്ഷണിച്ചത്. അയ്യപ്പ സംഗമത്തിലേക്ക് എന്തിനാണ് സിപിഎം യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്. മൂന്ന് കൊല്ലം മുൻപുള്ള സിപിഎം യോഗിയെ വിളിക്കുമോ? യോഗി കത്ത് അയച്ചാൽ തന്നെ അത് സിപിഎം പുറത്ത് വിടുമോ? വർഗീയ കാർഡ്‌ ഇറക്കിയുള്ള പ്രചരണം ആണ് എല്ലാ സ്ഥലത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് തൃണമൂൽ കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. പലയിടത്തും പലരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫുമായി സഹകരിച്ചു പോകാനുള്ള സാധ്യത കുറവാണ്. മലബാറിൽ പല സ്ഥലത്തും യുഡിഎഫുമായി ചർച്ച നടക്കുന്നുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു.