സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിനിടയിലും ബേപ്പൂരിൽ മത്സരിച്ച പി.വി. അൻവർ പരാജയപ്പെട്ടു. 'പിണറായിസം', 'മരുമോനിസം' തുടങ്ങിയ പ്രയോഗങ്ങളിലൂടെ ശ്രദ്ധേയമായ പ്രചാരണം നടത്തിയിട്ടും, മന്ത്രി മുഹമ്മദ് റിയാസിനോട് 7487 വോട്ടിനാണ് അൻവർ പരാജയപ്പെട്ടത്.

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരം​ഗം ആഞ്ഞടിച്ചപ്പോഴും ആടിയുലഞ്ഞ് തോൽവിയേറ്റുവാങ്ങി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ. സംസ്ഥാന രാഷ്ട്രീയത്തിൽ പിണറായിസം, മരുമോനിസം എന്ന വാക്ക് സമ്മാനിച്ച് യുഡിഎഫ് പ്രചാരണത്തിൽ മുന്നിൽ നിന്ന് നേതാവായിരുന്നു പി.വി. അൻവർ. കൈയിലുണ്ടായിരുന്ന നിലമ്പൂർ കിട്ടില്ലെന്നറിഞ്ഞതോടെ ബേപ്പൂരിലേക്ക് തട്ടകം മാറി. സ്ഥാനാർഥി തർക്കം മൂർച്ഛിച്ച സമയത്ത് തന്നെ യുഡിഎഫിന്റെ ആദ്യത്തെ അനൗദ്യോ​ഗിക സ്ഥാനാർഥിയായിരുന്നു പി.വി. അൻവർ. എന്നാൽ ഫലം വന്നപ്പോൾ കോഴിക്കോട് മറ്റ് മണ്ഡലങ്ങൾ യുഡിഎഫ് തൂത്തുവാരിയെങ്കിലും മന്ത്രി റിയാസിന് മുന്നിൽ അൻവർ അടിയറവ് പറഞ്ഞു. ജയിച്ചാൽ മന്ത്രിയെന്നായിരുന്നു അൻവറിന് സതീശൻ നൽകിയ വാ​ഗ്ദാനം.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം എൽഡിഎഫ് സർക്കാറിന്റെ അവസാന വർഷങ്ങളിലാണ് പി.വി. അൻവർ ഇടതുമായി ഉടക്കുന്നത്. അത്രയും കാലം കടന്നൽ രാജ എന്ന വിശേഷണവുമായി ഇടതുവൃത്തങ്ങളിൽ വാണിരുന്ന അൻവർ പൊലീസിനെതിരെ വിമർശനമുന്നയിച്ച് രം​ഗത്തെത്തി. പിന്നീട് പതിയെ സർക്കാറിനും പിണറായിക്കുമെതിരെ തിരിയുകയും പൂർണമായി എൽഡിഎഫ് എതിർപാളയത്തിലെത്തുകയും ചെയ്തു. അതോടെ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കി. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകാത്തതോടെ സ്വതന്ത്രനായി മത്സരിക്കുകയും 20000ത്തിലേറെ വോട്ടുനേടി ഞെട്ടിക്കുകയും ചെയ്തു. അൻവർ ശക്തി തെളിയിച്ചതോടെ യുഡിഎഫിന് അവ​ഗണിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ ആദ്യം ഡിഎംകെയിൽ ചേക്കേറാൻ ശ്രമിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. പിന്നീട് തൃണമൂൽ കോൺ​ഗ്രസിൽ എത്തി. തൃണമൂൽ കോൺ​ഗ്രസിൽ സജീവമയിരിക്കുമ്പോഴാണ് സ്ഥാനാർഥിയായത്. പിന്നീട് തൃണമൂൽ കോൺ​ഗ്രസും അൻവറിനെ കൈയൊഴിഞ്ഞു. ഇതിനിടെ ലീ​ഗിൽ പ്രവേശിക്കാനും ശ്രമം നടത്തി.

എൽഡിഎഫിന് മുൻതൂക്കമുള്ള ബേപ്പൂരിൽ അൻവറിനെ നിർത്തിയുള്ള പരീക്ഷണത്തിന് യുഡിഎഫിലും എതിർപ്പുണ്ടായിരുന്നില്ല. അങ്ങനെ എതിർപ്പില്ലാതെ ആദ്യഘട്ടത്തിൽ തന്നെ പ്രചാരണം തുടങ്ങാനും അൻവറിനായി. പിണറായിസം, മരുമോനിസം എന്നീ പ്രയോ​ഗങ്ങൾ ആവർത്തിച്ചായിരുന്നു അൻവറിന്റെ പ്രചാരണം. എന്നാൽ ഫലം വന്നതോടെ, 7487 വോട്ടിന് അൻവർ അടിയറവ് പറഞ്ഞു.