Asianet News MalayalamAsianet News Malayalam

പൊലീസിൽ സ‍ർക്കാർ വിരുദ്ധ ലോബി, മുഖ്യമന്ത്രി ചതിക്കപ്പെട്ടു, അന്വേഷണത്തിൽ ഒരുറപ്പും ലഭിച്ചിട്ടില്ല: പിവി അൻവർ

വിപ്ലവം ഉണ്ടാകുന്നത് ജനകീയ മുന്നേറ്റത്തിലാണ്. അഴിമതിയും അക്രമവും നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവം തുടങ്ങിയിട്ടേയുള്ളൂവെന്നും നിലമ്പൂ‍ർ എംഎൽഎ

PV Anver says CM Pinarayi Vijayan cheated lobby in police works against govt
Author
First Published Sep 4, 2024, 9:58 AM IST | Last Updated Sep 4, 2024, 9:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു.  താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളിൽ നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിൽ കണ്ട് പരാതി കൊടുത്ത ശേഷം മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്നെയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. ജനങ്ങൾക്ക് മുന്നിലാണ് പരാതി തുറന്ന് പറഞ്ഞത്. ഇന്നലെയാണ് താൻ പരാതി കൊടുത്തത്. അന്വേഷണത്തിൽ തനിക്ക് തിരക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘം തൻ്റെ പരാതി പഠിക്കട്ടെയെന്നും ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞത് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. അതിനെ തള്ളിക്കളയാൻ കഴിയില്ല. മുഖ്യമന്ത്രിക്ക് കുറ്റാരോപിതരെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി വിശ്വസിച്ച് ഏൽപ്പിച്ച വ്യക്തികൾ ചതിച്ചെങ്കിൽ ആ ചതിക്കുന്നവർക്കാണ് അതിൻ്റെ ഉത്തരവാദിത്തം. വിശദമായി അന്വേഷിച്ച ശേഷമാണ് താൻ കാര്യങ്ങൾ പറഞ്ഞത്. പൊലീസ് എന്തിന് തൃശ്ശൂർ പൂരം കലക്കുന്നു? ഇങ്ങനെ വൃത്തികെട്ടവർ പൊലീസ് ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൻ പരാതിയുമായി രംഗത്ത് വന്നതെന്നും അൻവർ വ്യക്തമാക്കി.

പിവി അൻവർ ദൈവത്തിനും ഈ പാർട്ടിക്കും മുന്നിലേ കീഴടങ്ങൂ. നിങ്ങളാര് വിചാരിച്ചാലും തന്നെ കീഴടക്കാൻ സാധിക്കില്ല. വിപ്ലവം ഉണ്ടാകുന്നത് ജനകീയ മുന്നേറ്റത്തിലാണ്. അഴിമതിയും അക്രമവും നടത്തി സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരായ വിപ്ലവം തുടങ്ങിയിട്ടേയുള്ളൂ. താൻ ഫോക്കസ് ചെയ്യുന്ന ചില കാര്യങ്ങളിൽ നിന്ന് ഇപ്പോൾ മാറാൻ തയ്യാറല്ല. താൻ കൊടുത്തത് സൂചനാ തെളിവുകളാണ്. ഇനി നടക്കേണ്ടത് അന്വേഷണമാണ്. ആ ഘട്ടത്തിലാണ് തെളിവുകൾ നൽകുക. ഇതിനെല്ലാം ഒരു നടപടിക്രമം ഉണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പാർട്ടിയാണ്. അന്വേഷണം തുടങ്ങുന്നതേയുള്ളൂ. നല്ല ഉദ്യോഗസ്ഥർ കേരളാ പൊലീസിലുണ്ട്. അത്തരത്തിലുള്ള ഉദ്യോഗസ്ഥരാവണം ഈ കേസ് അന്വേഷിക്കുന്നത്. അല്ലെങ്കിൽ താൻ കള്ളനായി പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios