ലക്ഷ്യം ശശി മാത്രമോ? അൻവറിന്‍റെ ആരോപണങ്ങളിൽ ഇടത് പക്ഷത്ത് കോളിളക്കം, സിപിഎമ്മിൽ നാളെ, സിപിഐയിൽ ഇന്ന് ചർച്ച
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സി പി ഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ 'അൻവർ' തന്നെയാകും ചൂടേറിയ ചർച്ച
തിരുവനന്തപുരം: പി വി അൻവർ എം എൽ എ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ കോളിളക്കമായി മാറിയിട്ടുണ്ട്. അൻവറിന്‍റെ ആരോപണത്തിന്‍റെ കുന്തമുന എ ഡി ജി പി അജിത് കുമാറിനെയും കടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുമ്പോൾ ശശിയെ മാത്രമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സി പി ഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ 'അൻവർ' തന്നെയാകും ചൂടേറിയ ചർച്ച.
സിപിഎം സെക്രട്ടേറിയേറ്റ് നാളെ, പ്രതിരോധമുയർത്തി ശശി
നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യാനിരിക്കെ പ്രതിരോധ നീക്കവുമായി പി ശശിയും കളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി ശശി ഉയർത്തുന്ന പ്രതിരോധം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പരാതി പരിശോധിന്നുന്നത്. പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപം പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. അൻവറിന്‍റെ പരസ്യ വിമർശനത്തിന് പിന്നാലെ ഇത്തരക്കാർ ഒളിഞ്ഞും തെളിഞ്ഞും ശശിയ്ക്കെതിരായ നീക്കവും സജീവമാക്കിയിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് എ കെ ബാലനും, മുഹമ്മദ് റിയാസും ഇതിനകം പ്രതികരിച്ചു കഴിഞ്ഞു. സെക്രട്ടറിയേറ്റിൽ വിഷയം ഗൗരവരമായ ചർച്ചയാകും. ഈ സാഹചര്യത്തിൽ പാർട്ടി പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് പി ശശി നടത്തുന്നത്. തനിക്കെതിരായ അൻവറിന്‍റെ പരാതിയ്ക്ക് പിറകിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാനാകാത്ത ചില വൻ ശക്തികൾ ഉണ്ടെന്നാണ് പി ശശി കരുതുന്നത്. സെക്രട്ടറിയേറ്റിന് മുൻപ് ഇക്കാര്യങ്ങളെല്ലാം പി ശശി പാർട്ടി സെക്രട്ടറിയെ ധരിപ്പിക്കും. ആളുകൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതൊന്നും താൻ കാര്യമാക്കില്ലെന്നും കഴിഞ്ഞ ദിവസം പി ശശി പ്രതികരിച്ചിരുന്നു. പാർട്ടി സെക്രട്ടറിയാണ് ശശിക്കെതിരായ പരാതി കമ്മിറ്റിയിൽ അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ താൽപര്യമാണ് ശശിയെ എതിർപ്പുകളുണ്ടായിട്ടും പൊളിറ്റിക്കൽ സെക്രട്ടറി പോസ്റ്റിലേക്ക് എത്തിക്കാൻ കാരണമായത്. അതിനാൽ പുതിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാണ്. അതേസമയം പാർട്ടി അന്വേഷണം വഴി ശശിയെ സമ്മേളന കാലത്ത് ദുർബ്ബലപ്പെടുത്താൻ ഉള്ള ശ്രമം കടുപ്പിക്കുകയുയാണ് എതിർ ചേരിയുടെ മറ്റൊരു ലക്ഷ്യമെന്ന് വിലയിരുത്തലുണ്ട്.
സിപിഐ സംസ്ഥാന നിർവാഹക സമിതിയിലും 'അൻവർ' ചൂടേറിയ ചർച്ചയാകും
കടുത്ത ആരോപണങ്ങളിലൂടെ പി വി അൻവർ, സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തുന്നതിനിടെയാണ് ഇന്ന് സി പി ഐ സംസ്ഥാന നിർവ്വാഹക സമിതി തിരുവനന്തപുരത്ത് ചേരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എ ഡി ജി പിക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയിലാണ് സി പി ഐ നേതൃത്വം. ആരോപണം കൈകാര്യം ചെയ്ത രീതിയിലടക്കം വലിയ വിമർശനം നിർവ്വാഹക സമിതിയിൽ ഉയർന്നേക്കും. പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസം നീളുന്ന യോത്തിന്റെ അജണ്ട. പത്തനംതിട്ടയിലെ അഴിമതി ആരോപണവും കോട്ടയത്തെ ഒളിക്യാമറ വിവാദവും ചർച്ചയാകും. ബലാത്സംഗ കേസിൽ പ്രതിയായ മുകേഷ് എം എൽ എയുടെ രാജി അനിവാര്യമെന്ന് സി പി ഐ നിലപാട് എടുത്തിരുന്നെങ്കിലും സി പി എം വഴങ്ങിയിട്ടില്ല. ഇതിലുള്ള അമർഷവും യോഗത്തിൽ പ്രകടമാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം