നിലമ്പൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ. വ്യാഴാഴ്ച പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വ്വകക്ഷിയോഗത്തിലാണ് എംഎല്‍എ വ്യക്തിഗത ധനസഹായം നല്‍കുമെന്ന് അറിയിച്ചത്. വേദിയില്‍ വികാരീധനായ എംഎല്‍എയുടെ പ്രസംഗം സമാൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

'ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചെട്ടു ദിവസങ്ങളായി നേരിട്ട് കാണുകയാണ്. എന്തുചെയ്യണമെന്നും എന്ത് പറയണമെന്നും അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എംഎല്‍എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാനാകാതെ വീര്‍പ്പുമുട്ടുകയാണ്'- പിവി അന്‍വര്‍ പറഞ്ഞു.

പ്രസംഗത്തിനിടെ വിങ്ങിപ്പോട്ടിയ എംഎല്‍എ സ്വന്തം നിലയില്‍ 10 ലക്ഷം രൂപയുടെ ധനസഹായം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.