'ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് തനിക്കറിയില്ല. പറയാനുള്ളതെല്ലാം മുൻകൂറായി പറഞ്ഞ് പോവുകയാണ്'

മലപ്പുറം: നിലമ്പൂരിൽ വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പി.വി അൻവർ. ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് അറിയാത്തത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം നിലമ്പൂരിൽ വനം വകുപ്പിൻ്റെ കെട്ടിടത്തിൻ്റെയും സംരക്ഷണ വേലിയുടെയും ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. നിലമ്പൂരിലെ മുൻ വനം ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാതി.

ഉദ്യോഗസ്ഥർക്ക് സൗകര്യം വേണമെന്നതിൽ തർക്കമില്ലെന്നും എന്നാലത് ആഡംബരമാകരുതെന്നും അൻവ‍ർ ചൂണ്ടിക്കാട്ടി.. റേഞ്ച് ഓഫീസ് പുതിയത് പണിയുമ്പോ പഴയത് റെസ്റ്റ് റൂം ആക്കാം. വീണ്ടുമൊരു കെട്ടിടം പണിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആന ശല്യത്തെ കുറിച്ച് പരാതി പറയാൻ പോയ ആളോട് ഫോറസ്റ്റ് ഓഫീസർ 10 ലക്ഷം കിട്ടില്ലേയെന്ന് ചോദിച്ചു. താനായിരുന്നെങ്കിൽ അവനെ അപ്പോൾ തന്നെ ചവിട്ടിയേനെ. ഇതൊക്കെ ഇവിടെയേ നടക്കൂ. തമിഴ്നാട്ടിലാണെങ്കിൽ നല്ല അടി കിട്ടും. താനിത് ഇപ്പോൾ പറയുന്നത് മന്ത്രിയുള്ളത് കൊണ്ടാണ്. സാധാരണ നിയമസഭയിലാണ് ഇത് പറയാറ്. എന്നാൽ ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് തനിക്കറിയില്ല. പറയാനുള്ളതെല്ലാം മുൻകൂറായി പറഞ്ഞ് പോവുകയാണ്. വനം ഉദ്യോഗസ്ഥരുടെ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ശല്യം തടയാൻ രണ്ടര കോടി രൂപ ഫെൻസിങ് സ്ഥാപിക്കാൻ താൻ സ‍ർക്കാരിൽ നിന്ന് വാങ്ങിയെടുത്തു. 2020 ലാണെന്ന് തോന്നുന്നു. അന്നത്തെ ഉദ്യോഗസ്ഥൻ പ്രൊപോസൽ കൊടുത്തില്ല. പല തവണ ഓഫീസിലെ സ്റ്റാഫ് പോയി കണ്ടിട്ടും താൻ നേരിട്ട് വിളിച്ചിട്ടും പ്രൊപോസൽ കൊടുത്തില്ല. 2.5 കോടി രൂപ ലാപ്സായി പോയി. മന്ത്രിയുടെ ഓഫീസിൽ പോയി താൻ ബഹളം ഉണ്ടാക്കി. ഫെൻസിങുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനപ്രതിനിധികളുമായി സംസാരിക്കണമെന്ന് ഉദ്യോഗസ്ഥനെ വിളിച്ച് മന്ത്രി പറഞ്ഞു. അങ്ങനെയൊരു സംഭവം അതിന് ശേഷവും ഉണ്ടായില്ല. ജനപ്രതിനിധികൾ ജനാധിപത്യത്തിൽ നിന്ന് മാറിനിൽക്കുന്നത് കൊണ്ടുള്ള അപകടം കേരളത്തിൽ സകല മേഖലയിലുമുണ്ട്. ഒരു ഉദ്യോഗസ്ഥനും ഒരു എംഎൽഎയെയും പേടിയില്ല. വില്ലേജ് ഓഫീസ‍ർ പോലും ഇങ്ങനെയാണ്. മാന്യത വിചാരിച്ച് എല്ലാവരും മിണ്ടാതിരിക്കുന്നു. എവിടുത്തേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത് എന്നാണ് വിഷയമെന്നും അൻവർ പ്രസംഗത്തിൽ പറഞ്ഞു.