തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്കും തിരിച്ചടി. നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും കമ്പനിയെ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു. ഇ മൊബിലിറ്റി സർക്കാറിന്റെ നയമാണ്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആലോചന. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണ്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. ഇവ രണ്ടും രണ്ട് ലീഗൽ എന്റിറ്റിയാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാന്സപോർട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉന്നതതല യോഗം ചേർന്ന് ചട്ടപ്രകാരമാണ് ഉത്തരവുകൾ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും  പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നയം സുതാര്യമാണ്. വെല്ലുവിളികൾക്കിടയിൽ കേരളത്തെ മുന്നോട്ടുനയിക്കാൻ സർക്കാർ ശ്രമിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാൽ ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനപരിശോധന നടക്കുന്നത്. കൺസൾട്ടൻസി കരാറുകൾ പുനപരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചിരുന്നു.