Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരി അപകടം: ദേശീയ പാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്ക് സമീപം റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചത്. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്

PWD Minister Mohammed riyas against NHAI
Author
Trivandrum, First Published Aug 6, 2022, 11:40 AM IST

കൊച്ചി: നെടുമ്പാശേരിയിൽ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ വണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ സാധിക്കില്ല. എന്നാൽ ഈ വിഷയത്തെ വളരെ ഗൌരവത്തോടെ കാണുമെന്നും കർശന നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾ - 

ഏതു വകുപ്പിൻ്റെ റോഡായാലും ഏത് സർക്കാരിൻ്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല.  കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും എൻ.എച്ച്.എ.ഐ ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും ആ തരത്തിലുള്ളതാണ്.

ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല. ഫിഷറീസ് വകുപ്പിൻ്റെ റോഡിൽ പ്രശ്നമുണ്ടായാൽ അത്  ദേശീയപാതാ അതോറിറ്റി വകുപ്പ് വന്ന് നന്നാക്കില്ല,തദ്ദേശസ്വയംഭരണവകുപ്പിൻ്റെ റോഡ് കേടായാൽ അവിടെ പൊതുമരാമത്ത് വകുപ്പും ഇടപെടില്ല. ഒരോ വകുപ്പിൻ്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്. 

പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അതോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല. വ്യക്തമായ ഭരണഘടനാ സംവിധാനങ്ങൾ ഒരു രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ തന്നെയാണ്ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. 

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ എത്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്തവരുടെ പട്ടികയെടുത്താൽ ഒരു സംസ്ഥാന സമ്മേളനം വിളിക്കാനുള്ള ആളെ കിട്ടും. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയ പാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല. എറണാകുളം - തൃശ്ശൂർ പാതയിലെ റോഡുകൾ, ആലപ്പുഴയിൽ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ഞങ്ങൾ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണ്. ഇവിടെയെല്ലാം കരാറുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരുകൾ ബോർഡിൽ എഴുതി വയ്ക്കാൻ ദേശീയ പാതാ അതോറിറ്റി തയ്യാറാവണം. ജനം അറിയട്ടെ റോഡിലൊരു കുഴി വന്നാൽ ആരാണ് അത് അടയ്ക്കേണ്ടത്. 

ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്ക് സമീപം റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചത്. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. 

വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിൽ കണ്ടതെന്നാണ് അപകടം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ആൾ പറയുന്നത്. എന്നാലിക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ  കണ്ടെത്തിയിട്ടില്ലെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലു൦ വ്യക്തതയില്ലെന്നതും തിരിച്ചടിയാണ്. 

റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ അപകടമുണ്ടായ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന് എംഎൽഎ അൻവ൪ സാദത്ത് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയും കോൺട്രാക്ട് കമ്പനിയു൦ തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം വിളിച്ചിട്ടു൦ ദേശീയ പാത പ്രതിനിധി എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എറണാകുളം തൃശൂർ ദേശീയപാതയിൽ കുഴികൾ ഒറ്റപ്പെട്ട സംഭവമല്ല. കറുകുറ്റി, കരയാമ്പറമ്പ്, അത്താണി തുടങ്ങിയ ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. അപകടം നടന്ന സ്ഥലത്തെ കുഴികൾ തത്കാലത്തേക്ക് അടച്ചെങ്കിലു൦ മറ്റ് കുഴികൾ ഇപ്പോഴും അപകടകരമായ സ്ഥിതിയിൽ നിലനിൽക്കുകയാണെന്നതാണ് യാഥാർത്ഥ്യം. 

 

Follow Us:
Download App:
  • android
  • ios