ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മെഡിക്കൽ കോളേജുകളുടെ മികവ് ഉയര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മെഡിക്കൽ കോളേജുകളുടെ മികവ് ഉയര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം. പരീക്ഷണം വിജയമായതോടെയാണ് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും ഘട്ടംഘട്ടമായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എക്സൈസ് വകുപ്പിൽ ഒഴിഞ്ഞ തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഭരണപരമായ അടിയന്തര സാഹചര്യം പരിഗണിച്ച്‌ എക്സൈസ്‌ ഉദ്യോഗസ്ഥർക്ക്‌ ഒഴിവുള്ള തസ്തികകളിലേക്ക്‌ താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ്‌ പ്രിവന്റീവ്‌ ഓഫീസർമാർക്ക്‌ അസിസ്റ്റന്റ്‌ എക്സൈസ്‌ ഇൻസ്പെക്ടറായും, അസിസ്റ്റന്റ്‌ എക്സൈസ്‌ ഓഫീസർമാർക്ക്‌ എക്സൈസ്‌ ഇസ്പെക്ടറായുമാണ്‌ പ്രൊവിഷണൽ പ്രമോഷൻ നൽകുക. 

എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പ്രൊമോഷൻ നൽകാൻ കഴിയാതിരുന്നതിനാൽ 150 ഓളം തസ്തികകളിൽ നിയമനം നൽകാൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്‌ വകുപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതിനാലാണ്‌ അടിയന്തര സാഹചര്യം പരിഗണിച്ചുള്ള നടപടി. ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.