Asianet News MalayalamAsianet News Malayalam

ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല; 58 തുണിക്കടകള്‍ക്കെതിരെ നടപടി ആരംഭിച്ചെന്ന് മന്ത്രി

128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

quick inspection to ensure chair for staff in textile shops
Author
Thiruvananthapuram, First Published Jun 13, 2019, 1:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.  1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു.

കേരളത്തില്‍ ടെക്‌സൈറ്റല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായിരുന്നു പരിശോധന. സംസ്ഥാനവ്യാപകമായി നടത്തിയ 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

1960-ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്റ്റില്‍ ഭേദഗതിയിലൂടെ തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ ഐ.എ.എസിനു നിർദേശം നൽകിയിരുന്നു.

റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലില്‍ 78 ഇടങ്ങളിലെ പരിശോധനയില്‍ 34 ഇടങ്ങളിലും എറണാകുളം റീജിയണലില്‍ 33 ഇടങ്ങളില്‍ നടത്തിയ പരിശോധനയിൽ 24 ഇടങ്ങളിലും കോഴിക്കോട് റീജിയണില്‍ 75 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 23 സ്ഥാപനങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. പരിശോധനയില്‍ ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios