ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിച്ച് പാലക്കാട് മങ്കരയിൽ പശു ഫാം തുടങ്ങിയ വിനോദ് എന്ന യുവാവ് പ്രതിസന്ധിയിൽ. 65 ലക്ഷം രൂപ ചെലവഴിച്ച ഫാമിന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം പ്രവർത്തനാനുമതി ലഭിക്കാത്തതാണ് വിനോദിന്റെ ജീവിതം വഴിമുട്ടിച്ചത്.

പാലക്കാട്: മങ്കരയിൽ പശു ഫാം തുടങ്ങാൻ ജോലി ഉപേക്ഷിച്ച സോഫ്റ്റ്‌വെയർ എൻജിനീയർ പെരുവഴിയിൽ. മൂത്താന്തറ സ്വദേശിയായ വിനോദാണ് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് നാട്ടിൽ പശു ഫാം തുടങ്ങാൻ ഇറങ്ങിത്തിരിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം പ്രവർത്തനാനുമതി കിട്ടാത്തതോടെ ഫാമിനായി 65 ലക്ഷം രൂപ ചെലവഴിച്ച വിനോദ് ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.

സാമ്പത്തിക നഷ്ടത്തിൽ പലരും പശുവളർത്തൽ ഉപേക്ഷിച്ചു പോകുമ്പോഴാണ് ബെംഗളൂരുവിലെ ലക്ഷങ്ങളുടെ ജോലി കളഞ്ഞ് വിനോദ് നാട്ടിലേക്കിറങ്ങിയത്. ഉള്ള സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം ചെലവഴിച്ച് പശുഫാം നിർമിച്ചു. പ്രവർത്തനാനുമതി ലഭിക്കാൻ പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസുകളിലും ഒരു വർഷത്തിലധികമായി കയറിയിറങ്ങുകയാണ് വിനോദ്. അതും വ്യവസായ സൗഹൃദമെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ.

കൃത്യമായി പഠനം നടത്തിയ ശേഷമാണ് വിനോദ് ഫാം തുടങ്ങിയത്. മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പേരിലാണ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം. ഫാമിന്റെ പരിസരത്തെങ്ങും വീടുകളില്ല. ബയോ ഗ്യാസ് പ്ലാന്റ് നിർമിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ വിനോദ് ശാസ്ത്രീയമായി ചാണകം ഉണക്കി സൂക്ഷിക്കാനും ഗോമൂത്രം ഉൾപ്പെടെ സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഫാമിൽ ഒരുക്കി. എന്നാൽ ഗോമൂത്രം മണ്ണിലൊഴുക്കാൻ പാടില്ല എന്നായി അടുത്ത നിബന്ധന. കൂടുതൽ പണം ചെലവഴിച്ച് എല്ലാ സൗകര്യവുമൊരുക്കി. പരിശോധന നടത്തി മടങ്ങിയ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് അടുത്ത വയ്യാവേലിയായി. 120 ദിവസത്തിനുള്ളിൽ അനുമതി നൽകാമെന്നാണ് ഉദ്യോഗസ്ഥർ അവസാനമായി പറഞ്ഞത്. പ്രവർത്തനാനുമതി നേടിയെടുക്കുന്നത് വരെ പോരാടാനാണ് വിനോദിന്റെ തീരുമാനം.

YouTube video player