തീവ്ര പരിശീലനത്തിന് ശേഷം അമേരിക്കയില്‍. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍റെ റോളിലേക്ക് അന്നൊരു മലയാളി വരുമായിരുന്നു. നാല് വര്‍ഷം വരെ കാത്തിരുന്നു. പക്ഷെ രാധാകൃഷ്ണന്‍റെ ആ ദൗത്യം വഴിമാറി
തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യസംഘത്തിനൊപ്പം ഒരു മലയാളി ചരിത്രം രചിക്കാനൊരുങ്ങുമ്പോള്‍, ആ സ്വപ്നത്തിനരികിലെത്തിയ ഒരു മലയാളിയുണ്ട് തിരുവനന്തപുരത്ത്. 39 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പി രാധാകൃഷ്ണനെ യുഎസ് ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുത്തത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയും ആകുമായിരുന്നു അദ്ദേഹം. ആ ദൗത്യം വഴിമാറിയതിന്‍റെ കഥയിങ്ങനെ...
22 ആം വയസിലാണ് പി രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഓയിലെത്തുന്നത്. ആര്യഭട്ട, രോഹിണി, ആപ്പിൾ, ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ മുഖ്യ പങ്കുവഹിച്ചു. അതിനിടയിൽ 1986ലാണ് ബഹിരാകാശ ദൗത്യത്തിന് നറുക്ക് വീണത്. 400 ആളുകളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. തീവ്ര പരിശീലനത്തിന് ശേഷം അമേരിക്കയില്‍. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍റെ റോളിലേക്ക് അന്നൊരു മലയാളി വരുമായിരുന്നു. നാല് വര്‍ഷം വരെ കാത്തിരുന്നു. പക്ഷെ രാധാകൃഷ്ണന് ആ സ്വപ്നത്തിലേക്കടുക്കാനായില്ല.
"1986ൽ ചലഞ്ചറിന്‍റെ ലോഞ്ച് അമേരിക്കയിൽ നടന്നു. ലിഫ്റ്റോഫ് ചെയ്ത് 72 സെക്കന്‍റായപ്പോള്‍ പൊട്ടിത്തെറിച്ചു. അന്ന് ഏഴ് പേര് മരിച്ചു. നാല് കൊല്ലം കഴിഞ്ഞ് ദൈത്യം തുടർന്നെങ്കിലും നയങ്ങളില്‍ മാറ്റം വന്നു. വിദേശ പൌരന്മാരെ കൊണ്ടുപോകില്ലെന്ന് തീരുമാനമായി. എന്‍റെ കണ്‍മുന്നിൽ ആ സ്വപ്നം പൊലിഞ്ഞു"- പി രാധാകൃഷ്ണന്‍ പറഞ്ഞു.
വിഎസ്എസ്‍സിയിലേക്ക് തിരിച്ചെത്തി. 2003 വരെ ഐഎസ്ആർഓയില്‍ പ്രവര്‍ത്തിച്ചു. എൽപിഎസ് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. 39 വർഷം മുൻപ് ഒരു മലയാളിക്ക് നഷ്ടപ്പെട്ട സൗഭാഗ്യം മറ്റൊരു മലയാളിയിലൂടെ നേടാനാകുന്നതിന്‍റെ സന്തോഷത്തിലാണ് രാധാകൃഷ്ണന്‍.

