Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയുടെ സസ്പെന്‍ഷന്‍: ക്ലബ് പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു

മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജി വച്ചു. രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവരുടെ വിശദീകരണം.

radhakrishnan moral police case president of thiruvananthapuram press club resigns
Author
Thiruvananthapuram, First Published Dec 10, 2019, 1:04 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് സോണിച്ചന്‍ പി ജോസഫും ഭാരവാഹികളും രാജി വച്ചു. മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാണ് രാജി വച്ചത്. രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവരുടെ വിശദീകരണം. ആക്ടിംഗ് സെക്രട്ടറി സാബ്ലൂ തോമസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ എം രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ്ബ് നേതൃത്വത്തോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധവും ശക്തമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടെടുത്ത പ്രസ്ക്ലബ് പ്രസിഡന്‍റ് സോണിച്ചന്‍റെ നടപടി വലിയ വിമര്‍ശനത്തിന്  ഇടയാക്കിയിരുന്നു.  

Read Also: സദാചാര ഗുണ്ടായിസം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

രാജിക്കത്തിന്‍റെ പൂര്‍ണരൂപം....

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസിന്റെ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ നടപടികളില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളായ സോണിച്ചൻ പി ജോസഫ്, എം.രാധാകൃഷ്ണൻ, എസ്. ശ്രീകേഷ്, ഹാരിസ് കുറ്റിപ്പുറം, പി.എം ബിജുകുമാർ, രാജേഷ് ഉള്ളൂർ, ലക്ഷ്മി മോഹൻ, എച്ച്. ഹണി, അജി ബുധന്നൂർ ഉൾപ്പടെ ഞങ്ങള്‍ ഒന്നടങ്കം രാജി വെക്കുന്നു. പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയർന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മാനേജിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിർത്താൻ തീരുമാനിക്കുകയും ചെയ്തു.. ഇതോടൊപ്പം അംഗങ്ങൾ തന്ന പരാതി വനിതാ അംഗങ്ങൾ ഉൾപ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനിച്ചു. സമിതി 10 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു തിരുമാനം. ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല ജോയിൻറ് സെക്രട്ടറിയായ സാബ്ലു തോമസിന് നൽകാനും യോഗം തീരുമാനിച്ചു. സാബ്ലുവും കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനങ്ങളെടുത്തത്.

താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകർക്കാൻ ശ്രമിക്കുന്നവരോടൊപ്പം ചേർന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നൽകി. ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളു. സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണ്.

അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങൾ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണ്. പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണ്. താത്കാലിക സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കൊണ്ട് സാബ്ലു ഇനിയും പല തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. സാബ്ലു ചെയ്യുന്ന എല്ലാ തെറ്റുകളും ഭരണ സമിതി എന്ന നിലയിൽ കൂട്ട് ഉത്തരവാദിത്തമാണ്. ക്ലബിൻ്റെ ലെറ്റർ ഹെഡും സീലും ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യുമെന്ന് ഞങ്ങൾ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഞങ്ങൾ രാജി വയ്ക്കുന്നത്. സാബ്ലുവിൻ്റെ നടപടികള്‍ പ്രസ്‌ക്ലബ്ബിന്റെ മുഴുവന്‍ അംഗങ്ങളും വിലയിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ചെറിയ കാലയളവില്‍ ഞങ്ങള്‍ ചെയ്ത സേവനങ്ങള്‍ക്ക്, ബഹുമാനപ്പെട്ട അംഗങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.


 

Follow Us:
Download App:
  • android
  • ios