Asianet News MalayalamAsianet News Malayalam

മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയതല്ല, വീൽചെയര്‍ പരാമര്‍ശം തമാശ; മാപ്പ് പറഞ്ഞ് റാഫി പുതിയകടവിൽ

മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നതെന്ന് റാഫി

Rafi puthiyakadavil apologies Mueen Ali thangal over wheel chair threat kgn
Author
First Published Jan 21, 2024, 5:43 PM IST

മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീൽചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവിൽ. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയര്‍ പരാമര്‍ശം. അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം  തങ്ങളെ നേരിൽക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈന്‍ അലി ശിഹാബ് തങ്ങൾ. വെള്ളിയാഴ്ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശം കൃത്യമായ വധഭീഷണിയാണ് നല്‍കുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈന്‍ അലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി. മുഈന്‍ അലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തു.   

ലീഗ് ഹൗസില്‍ 2021 ഓഗസ്റ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രിക ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരെ റാഫി പുതിയ കടവില്‍ ലീഗ് ഹൗസില്‍ വച്ചു തന്നെ പ്രതിഷേധിച്ചിരുന്നു. തങ്ങളെ അസഭ്യം പറയുകയും ചെയ്തിരുന്നു. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് പരസ്യ വിമര്‍ശനങ്ങള്‍ കാര്യമായി നടത്താതിരുന്ന മുഈന്‍ അലി തങ്ങൾ, അടുത്ത കാലത്തായി സമസ്തയിലെ ലീഗ് വിരുദ്ധരുമായും ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഏറ്റവുമൊടുവില്‍, എംഎസ്എഫ് മലപ്പുറത്ത് നടത്തിയ ചടങ്ങിനിടെ  പാണക്കാട് കുടുംബത്തിന്‍റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോട് പരിഹാസ രൂപേണ പ്രതികരിച്ചതാകാം മുഈനലിക്കിതിരെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച അനുയായിയായ ഷാഫിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios