പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ കഴിഞ്ഞ നെന്മാറയിലെ റഹ്മാനെയും സജിതയെയും ഓര്‍മ്മയില്ലേ. നവംബറില്‍  വിവാഹം രജിസ്റ്റര്‍ ചെയ്ത് പുതിയ ജീവിതം തുടങ്ങിയ ഇരുവരുമിപ്പോള്‍ ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാനുള്ള നെട്ടോട്ടത്തിലാണ്

പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ കഴിഞ്ഞ നെന്മാറയിലെ റഹ്മാനെയും സജിതയെയും ഓര്‍മ്മയില്ലേ. നവംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് പുതിയ ജീവിതം തുടങ്ങിയ ഇരുവരുമിപ്പോള്‍ ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാനുള്ള നെട്ടോട്ടത്തിലാണ്. സജിയുടെ രോഗവും വാടക വീടൊഴിഞ്ഞതുമെല്ലാം ഇക്കാലത്തിനിടെ സംഭവിച്ചു. എങ്കിലും പരസ്പരം താങ്ങും തണലുമായി മുന്നോട്ടു തന്നെ ഇരുവരും.

നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് സന്തോഷത്തോടെ പുതിയ ജീവിതം തുടങ്ങിയ റഹ്മാനെയും സജിതയെയും തേടി ഈ പ്രണയ ദിനത്തില്‍ ഞങ്ങളെത്തുമ്പോള്‍ ഇരുവരുമുണ്ടായിരുന്നത് സജിതയുടെ അയിലൂരിലെ വീട്ടിലായിരുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ദുരിത ജീവിത കഥയാണ് ഇരുവരും പങ്കുവച്ചത്.കാല്‍ ഞരമ്പിന് ശത്രക്രിയ വേണ്ടിവന്നിരുന്നു സജിതയ്ക്ക്. വാടക വീട്ടിലൊറ്റയ്ക്ക് കഴിയാനാവാത്തതിനാല്‍ സജിതയുടെ വീട്ടില്‍ ഇടം തേടി. ചികിത്സാ ചിലവും ജീവിതച്ചിലവും കടം വാങ്ങി നടത്തുന്നു

രോഗം ഭേദമായി വരുന്നതേയുള്ളൂ. വാടക വീട് അന്വേഷണം തുടങ്ങി. കൊക്കിലൊതുങ്ങുന്നത് കിട്ടാത്തതാണ് പ്രയാസം. റേഷന്‍ കാര്‍ഡ് എടുക്കാനുള്ള ഓട്ടവും തുടങ്ങി. അരിയെങ്കിലും മുട്ടില്ലാതെ കിട്ടുമല്ലോ എന്ന് റഹ്മാന്‍. സ്വന്തമായി ഒരുവീടെന്ന സ്വപ്നം ഇനിയുമൊരുപാട് ദൂരെയെന്ന് റഹ്മാനും സജിദയും പറയുന്നു. ജീവിതമിങ്ങനെ വേദനപ്പിച്ച് കൊണ്ടിരിക്കുമ്പോഴും കോര്‍ത്ത കൈയ്യൊഴിയാതെ, ചേര്‍ന്ന ഹൃത്താള ഗതിയൂര്‍ന്നു പോകാതെ ഇരുവരും..