2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ രണ്ട് റെക്കോര്‍ഡുകളാണ് പിറവികൊണ്ടത് 

കല്‍പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2019ലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് സംസ്ഥാനത്തെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡായി. മലപ്പുറത്ത് മത്സരിച്ച മുസ്ലീ ലീഗിന്‍റെ പി കെ കുഞ്ഞാലിക്കുട്ടിയും ഒരു റെക്കോര്‍ഡിട്ടു. 

കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് വയനാട് ലോക്‌സഭ സീറ്റ്. എം ഐ ഷാനവാസ് 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചയിടം. എന്നാല്‍ 2014ല്‍ ഷാനവാസിന്‍റെ ഭൂരിപക്ഷം 20,870 വോട്ടുകളായി കുറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കേരളത്തിന്‍റെ ശ്രദ്ധ വയനാട്ടിലേക്ക് ചുരം കയറി. സിപിഐയിലെ പിപി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 10,87,783 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കണ്ടത്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ലോക്‌സഭയിലെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷമായി രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം മാറി. 

Read more: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലെത്തിയത് ആരൊക്കെ? അവര്‍ അഞ്ച് പേര്‍

2019 വരെ മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദ് കയ്യടക്കിവച്ചിരുന്ന കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡാണ് കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ തരംഗത്തില്‍ കടപുഴകിയത്. 2014ല്‍ മലപ്പുറത്ത് ഇ അഹമ്മദ് 1,94,739 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതായിരുന്നു അതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കേരളത്തില്‍ പിറന്നു. ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് 2017ൽ മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരിലായിരുന്നു 2019 വരെ കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോർഡ്. 2017 മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ 2019 പൊതു തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷവുമായി കുഞ്ഞാലിക്കുട്ടി തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തി രണ്ടാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. 

2019 തെരഞ്ഞെടുപ്പ്, 2020 പിളര്‍പ്പ്; കലങ്ങിമറിഞ്ഞ കോട്ടയം 2024ല്‍ ആര് പിടിക്കും?

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലിടത്ത് യുഡിഎഫ് എംഎല്‍എമാരാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായത് ഭൂരിപക്ഷം ഏറെ ഉയരുന്നതിന് കാരണമായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം