കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും.

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി അഭിപ്രായം ഹൈക്കമാൻഡ് തേടുമെന്നാണ് വിവരം. മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ, എംഎം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്ന് രാത്രി തന്നെ ദില്ലിയിലേക്ക് പുറപ്പെടും. ഇതോടെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കുകയാണ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയായി കെസി വേണുഗോപാലിനെ പരി​ഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് നേതാക്കളെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണെന്നയിരുന്നു സൂചന. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോര്‍മുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

YouTube video player