കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ആദ്യം ഈങ്ങാപ്പുഴയിലേക്ക് പോകും. മുൻ എംഎൽഎ മോയിന്‍കുട്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. 

തിരുവനന്തപുരം: വയനാട് എം.പി. രാഹുല്‍ ഗാന്ധി(Rahul Gandhi) കേരളത്തിലെത്തി. കോഴിക്കോട് ജില്ലയില്‍ (Kozhikode) വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. 

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ആദ്യം ഈങ്ങാപ്പുഴയിലേക്ക് പോകും. മുൻ എംഎൽഎ മോയിന്‍കുട്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. തുടർന്ന് രാഹുൽ ബ്രിഗേഡിന്‍റെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. ശേഷം അദ്ദേഹം വയനാട്ടിലേക്ക് പോകും. 

ചർച്ച വഴിതിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്ന് രാഹുൽ

സർക്കാരിനെതിരെ ആരോപണങ്ങളുയരുമ്പോൾ ചർച്ച വഴിതിരിച്ച് വിടാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞു. ലഖീംപൂർ ഖേരി സംഭവത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർലമൻറിലെ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിനിടെ ആൾക്കൂട്ട ആക്രമണത്തെ കുറിച്ചുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തനോട് സർക്കാരിന് വേണ്ടി ജോലി ചെയ്യരുത് എന്ന് രാഹുൽ പറഞ്ഞു.

കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം ലഡാക്കിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാര്‍ലമെന്‍റിൽ ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു.. ലഡാക്ക് വിഷയത്തിൽ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.