മലപ്പുറം: പ്രധാനമന്ത്രിയോട് കേരളത്തിലെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മലപ്പുറം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. കൂടുതല്‍ കേന്ദ്ര സഹായം  ആവശ്യപ്പെടും. രാജ്യം കേരളത്തിന് ഒപ്പം നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി ഇന്നു രാവിലെയാണ് സ്ഥലം എംപിയായ  രാഹുൽഗാന്ധി എത്തിയത്. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. പിന്നീട് ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു.