ഇടത് പക്ഷവുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും. പക്ഷേ ഇത്തരം സഹകരണങ്ങൾ പ്രധാനമന്ത്രിയിൽ നിന്നോ ബിജെപിയിൽ നിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണ്.

കോഴിക്കോട്: കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ലെന്നും കേരളത്തിലെ ജനങ്ങളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിന്‍റെ അവസാന ദിനമായ ഇന്ന് ഈങ്ങാപ്പുഴയില്‍ നടന്ന റോഡ് ഷോക്കിടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇടത് പക്ഷവുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും. പക്ഷേ ഇത്തരം സഹകരണങ്ങൾ പ്രധാനമന്ത്രിയിൽ നിന്നോ ബിജെപിയിൽ നിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണ്. പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് താൻ കരുതുന്നില്ല. ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്വഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല. സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

വയനാട്ടിലെ ജനതയുടെ പ്രശ്നങ്ങൾ ഇന്നലെ അറിയാനായെന്നും ഈ പ്രശ്നങ്ങൾ ജനങ്ങളോടൊപ്പം പ്രവർത്തിച്ചു കൊണ്ട് പരിഹരിക്കുമെന്നും രാഹുല്‍ പറഞ്ഞു. വ്യത്യസ്ഥ രാഷ്ട്രീയ ബോധമുള്ള ജനതയാണ് കേരളത്തിന്‍റെ പ്രത്യേകത. എല്ലാ രാഷ്ട്രീയക്കാരും തനിക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫ് എംഎൽഎ വന്ന് കണ്ടതില്‍ വലിയ സന്തോഷമായി. ഇടത് പക്ഷത്തെ മറ്റ് എംഎല്‍എമാരെയും കാണാനാഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. 

തന്നെ കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച രാഹുല്‍ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിനും നന്ദി അറിയിച്ചു. ''എല്ലാർക്കും പിന്തുണ കിട്ടാറുണ്ടെങ്കിലും നിങ്ങളെനിക്ക് വലിയ സ്നേഹം നൽകുന്നു, ഇതൊരു വെറും പിന്തുണ മാത്രമല്ല, സ്നേഹമാണ്. രണ്ട് ദിവസം കൊണ്ട് അളവറ്റ സ്നേഹം കിട്ടി. മറുപടിയായി എന്റെ സ്നേഹം നൽകുന്നു'' - ഈങ്ങാപ്പുഴയിലെ റോഡ് ഷോയില്‍ രാഹുല്‍ വ്യക്തമാക്കി.