Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധി പോത്തുകല്ല് ക്യാമ്പിൽ: ദുരിതബാധിതരെ സന്ദര്‍ശിച്ചു

കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറം ജില്ലയിലെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. 

rahul gandhi visit pothukallu relief camp
Author
Malappuram, First Published Aug 11, 2019, 5:13 PM IST

മലപ്പുറം: കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ രാഹുൽഗാന്ധി എത്തി. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും എല്ലാം രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. 

മഴയിലും ഉരുൾപ്പൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കവളപ്പാറയോട് ചേര്‍ന്ന് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പാണ് പോത്തുകല്ലിലുള്ളത്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒട്ടേറെ പേര്‍ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നുണ്ട്. അവരെ എല്ലാം നേരിൽ കണ്ട രാഹുൽഗാന്ധി വിവരങ്ങൾ ചോദിച്ചറിയുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. 

മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്. പുത്തുമലയും കവളപ്പാറയും അടക്കം വയനാട് മണ്ഡലത്തിലേയും വടക്കൻ കേരളത്തിലാകെയും നിലവിലുള്ള പ്രളയ സമാനമായ സാഹചര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുന്നതിനടക്കം മുൻകയ്യെടുക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ജില്ലയിൽ പെട്ട ദുരന്തമേഖലകളിൽ നാളെ രാഹുൽ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വയനാട് ജനതക്ക് ഒപ്പമാണ് മനസ്സെന്ന് ദുരന്തം അറിഞ്ഞ ഉടനെ തന്നെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios