തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി. താങ്കള്‍ രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപിയുടെ അല്ലെന്ന് പരിഹാസം.
ദില്ലി: വോട്ട് കൊള്ള ആരോപണം ഉയർത്തി ദില്ലിയിൽ കോൺഗ്രസിൻ്റെ മെഗാ റാലി. കേന്ദ്ര സർക്കാർ എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റാലിയിൽ പറഞ്ഞു. രാഹുൽ ഭരണഘടനാ സ്ഥാപനങ്ങളെ അധിക്ഷേപിക്കുകയാണെന്ന വിമർശനം ബിജെപി കടുപ്പിച്ചു. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ ജയം വോട്ട് കൊള്ളയിലൂടെയെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത് കോൺഗ്രസിന്റെ കൂറ്റൻ റാലി. രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടത്തിയ റാലിയിൽ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും, കെസി വേണുഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽനിന്നടക്കം സംസ്ഥാന ഘടകങ്ങളുടെ ചുമതലയുള്ളവരും പങ്കെടുത്തു. അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തിൽ തുടരുന്നതെന്നും, സത്യവും അഹിംസയും മുറുകെ പിടിച്ചുകൊണ്ട് ഇരുവരെയും തോൽപിക്കുമെന്നും രാഹുൽ പറഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി നൽകാത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞ് രാഹുൽ ഗാന്ധി മുന്നറിയിപ്പും നൽകി.
ബിജെപിയുടെ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഒരുനാൾ രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. മോദി ഒരിക്കൽ തോറ്റാൽ തിരിച്ചുവരില്ലെന്നും, ചരിത്രത്തിൽപോലും ഇല്ലാതാകുമെന്നും മല്ലികാർജുൻ ഖർഗെയും വിമർശിച്ചു.
സമീപ സംസ്ഥാനങ്ങളിൽനിന്നടക്കം പതിനായിര കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് രാംലീല മൈതാനത്തേക്ക് ഒഴുകി എത്തിയത്. വേദിക്ക് മുന്നിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി വോട്ട് കൊള്ള പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച അഞ്ചര കോടി ഒപ്പുകൾ ചാക്കിൽ നിറച്ചു വച്ചിരുന്നു. ഇതെല്ലാം രാഷ്ട്രപതിക്ക് നൽകുന്ന നിവേദനത്തോടൊപ്പം കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു. അതേസമയം രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള റാലിയാണ് രാംലീല മൈതാനത്ത് രാഹുലും പ്രിയങ്കയും നടത്തിയതെന്നും സംബിത് പാത്ര എം പി പറഞ്ഞു. വോട്ട് കൊള്ള ഉയർത്തി വിവിധ സംസ്ഥാനങ്ങളിലേക്കും റാലികൾ വ്യാപിപ്പിക്കാനാണ് കോൺഗ്രസിന്റെ ആലോചന.

