വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. ഇത്ര ദിവസമായിട്ടും കളക്ടറടക്കം ആരും ഇതുവരെ തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും അറസ്റ്റ് ചെയ്യാൻ വന്നാൽ തടയുമെന്നും സമരക്കാര്‍ പറഞ്ഞു. 

സമരത്തിന് ഐക്യദാര്‍ഢ്യവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ രാവിലെ ഒന്‍പത് മണിയോടെ സമരപ്പന്തലില്‍ എത്തും. കോൺഗ്രസ് നേതാവ് വി എം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ളയും ഇന്ന് സമരക്കാർക്ക് പിന്തുണയറിയിക്കാൻ എത്തും. മുഖ്യമന്ത്രിയടക്കം വരും ദിവസം പിന്തുണയുമായി സമരപന്തലിലെത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു. പ്രശ്നത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 14 നു തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന നേതാക്കളെ സമരപന്തലിലെത്തിച്ച് സമരത്തിന് പിന്തുണ വിപുലമാക്കാനാണ് ശ്രമം. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.