തിരുവനന്തപുരം: വയനാട്ടിലെ  പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.  

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും,  വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരളാ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും  വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും  രാഹുല്‍ ഗാന്ധി  കത്തില്‍ പറയുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം  മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി  കത്തില്‍ ആവശ്യപ്പെടുന്നു.