മുഷ്ടിച്ചുരുട്ടി ചെറുപുഞ്ചിരിയോടെ 'രാഗുൽ ഗാന്തി ശിന്ദാവാ' എന്ന് ഉച്ചത്തിൽ വിളിച്ച പിഞ്ചോമനയെ വാരിപ്പുണരുകയായിരുന്നു രാഹുൽ.
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. അക്ഷരങ്ങൾ വഴങ്ങാതെ വളരെ രസകരമായാണ് കുട്ടി രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത്. മുഷ്ടിച്ചുരുട്ടി ചെറുപുഞ്ചിരിയോടെ 'രാഗുൽ ഗാന്തി ശിന്ദാവാ' എന്ന് ഉച്ചത്തിൽ വിളിച്ച പിഞ്ചോമനയെ വാരിപ്പുണരുകയായിരുന്നു രാഹുൽ. രാഹുൽ ഗാന്ധിയുടെ കയ്യിലിരുന്നാണ് കുട്ടി അദ്ദേഹത്തിന് ജയ് വിളിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയപ്പിച്ച ജനങ്ങളോട് നന്ദി പറയാൻ വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ. സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി കോഴിക്കോട് എത്തിയപ്പോഴായിരുന്നു സംഭവം. 'ഈ ഞായറാഴ്ച ഒരൽപ്പം ക്യൂട്ടാവാം' എന്ന അടിക്കുറിപ്പോടെ അഖിലേന്ത്യാ മഹിളാ കോൺഗ്രസാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്. തന്‍റെ ആരാധികയായ കുട്ടിയ തോളിലെടുത്തു നിൽക്കുന്ന രാഹുലിന്റെ വീഡിയോ ഇതിനോടകം 12500 ആളുകളാണ് കണ്ടത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയ്ക്ക് മണ്ഡലത്തിൽ ലഭിച്ചത് ഗംഭീര വരവേൽപ്പാണ്. ജനങ്ങളെ നേരിട്ട് കണ്ട് നന്ദി പറയുന്നതിനായി കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ 12 ഇടങ്ങളിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി.
അമ്മ സോണിയ ഗാന്ധി തനിക്ക് ജന്മം നല്‍കുമ്പോള്‍ ലേബര്‍ റൂമിലുണ്ടായിരുന്ന നഴ്സ് രാജമ്മയെ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചത് ദേശീയതലത്തിൽ വാര്‍ത്തയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ മറ്റൊരു രസകരമായ വീഡിയോ കോൺഗ്രസ് പങ്കുവച്ചിരിക്കുന്നത്.
