ബാലുശേരിയിൽ ഡി വൈ എഫ് ഐക്കാരനെ എസ് ഡി പി ഐക്കാർ ക്രൂരമായി മർദ്ദിച്ചിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ എസ് എഫ് ഐക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ട് നാല് പേര് ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു എന്ന് ഓർമ്മിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ബാലുശേരിയിൽ ഡി വൈ എഫ് ഐക്കാരനെ എസ് ഡി പി ഐക്കാർ ക്രൂരമായി മർദ്ദിച്ചിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാക്കുകൾ
ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്ത SFIക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസിൽ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ SDPIക്കാരൻ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങൾ.
2) പണ്ട് നാല് പേര് ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.
'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! വധശ്രമക്കേസിൽ ഇപ്പോ ജയിലിലാണ്'; എസ്എഫ്ഐക്കെതിരെ ബൽറാം
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ എസ് എഫ് ഐക്കെതിരെ നേരത്തെ വി ടി ബൽറാമും രംഗത്തെത്തിയിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിലിൽ കിടക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. സഹപാഠിയായ വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസിലാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിലിൽ കിടക്കുന്നതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടിയിട്ടുണ്ട്.
ബൽറാമിന്‍റെ വാക്കുകൾ
ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി!
ഇപ്പോ ജയിലിലാണ്.
വധശ്രമമാണ് കേസ്. പിണറായി വിജയന് നേരിടേണ്ടി വന്ന പോലത്തെ "വധശ്രമ"മല്ല,
സഹപാഠിയായ ഒരു വിദ്യാർത്ഥിയെ ആയുധങ്ങളുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ നോക്കിയതിന്റെ പേരിൽ എടുത്ത യഥാർത്ഥ വധശ്രമക്കേസാണ്. കേസിലകപ്പെട്ട് ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയെ കബളിപ്പിച്ച് മുങ്ങുകയും വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ അകപ്പെടുകയും ചെയ്തതിന്റെ പേരിൽ കോടതി തന്നെ ജാമ്യം റദ്ദാക്കിയപ്പോൾ മനസ്സില്ലാമനസോടെ പൊലീസിന് പിടിച്ച് റിമാൻഡ് ചെയ്യേണ്ടി വന്നതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന കാലത്താണ് ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്!
സർവ്വകലാശാല തലത്തിലെ ഒരു തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള 'ധിക്കാരം' കാണിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഐഎസ്എഫുകാരിയായ വനിതാ സഖാവിനെ നടുവിന് ചവിട്ടി മർദ്ദിക്കുകയും "നിനക്ക് ഞങ്ങൾ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ"ന്ന് ഭീഷണിപ്പെടുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതിന് വേറെ കേസുകളും ഈ സ്ത്രീപക്ഷവാദിയായ നവോത്ഥാന നായകനുണ്ട്.
പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്!
