രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രൻ രംഗത്തെത്തി.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. സിപിഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയന്ന് സംശയമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. കണ്ണിൽ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ ചുവന്ന പോളോ കാര്‍ കണ്ടെത്തിയത്. പീഢന വീരനായിട്ടുള്ള എംഎൽഎയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സ്ത്രീ ജനങ്ങളോട് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്ന് വ്യക്തമാക്കണം. കടലിരമ്പി വന്നാലും നിലപാട് മാറ്റില്ലെന്നും രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനമാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ, പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സഹായിക്കുകയാണ്. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതേസമയം, ആരോപണം തള്ളി പാലക്കാടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സി ചന്ദ്രൻ രംഗത്തെത്തി. ചുവന്ന പോളോ കാറുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാം രാഷ്ട്രീയ ആരോപണമാണെന്നും ആ കാറിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. ബിജെപിയുടേത് രാഷ്ട്രീയ ആരോപണമാണ്. തന്‍റെ കാര്‍ കേടായ സമയത്ത് സുഖമില്ലാതായപ്പോള്‍ ആശുപത്രിയിൽ പോകാൻ രാഹുലിന്‍റെ കിയ കാര്‍ ഒരു ദിവസം ഉപയോഗിച്ചിരുന്നു. അതല്ലാതെ മറ്റൊരു കാറുമായും തനിക്ക് ബന്ധമില്ല. കാറുമായി ബന്ധപ്പെട്ടോ രാഹുലുമായി ബന്ധപ്പെട്ടോ യാതൊരു വിവരവും തനിക്കില്ല. കോണ്‍ഗ്രസുകാര്‍ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്. രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണ്. എങ്കിലും വ്യക്തിബന്ധങ്ങള്‍ക്കൊന്നും മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. യുവ നടിയുടെ പോളോ കാർ സി ചന്ദ്രൻ ഉപയോഗിച്ചിരുന്നതായി വിവരങ്ങൾ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോയെന്ന കാര്യമടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെയും മൊഴിയും അന്വേഷണ സംഘം എടുത്തു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടിയുടെ ശാരീരിക മാനസികാവസ്ഥ മോശമായിരുന്നുവെന്നാണ് നിര്‍ണായക മൊഴി. ഇതിനിടെ, പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ സംസ്ഥാനത്താകെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ കഴിയുകയാണ്. കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തെരിഞ്ഞ് പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചുവന്ന കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നത്.




